പൊലിസ് ഓഫീസറുടെ ബുളളറ്റ് മോഷണം; പ്രതി അറസ്റ്റില്‍
കണ്ണൂര്‍ : ടൗണ്‍ സ്റ്റേഷനിലെ സിവില്‍ പൊലിസ് ഓഫീസറുടെ ബുളളറ്റ്
പൊലിസ് സഭാ ഹാള്‍ മുറ്റത്തു നിന്നും കവര്‍ന്ന കേസിലെ പ്രതി അറസ്റ്റില്‍.
പാലക്കാട് ജില്ലയിലെ മീനാക്ഷിപുരം നന്ദിയോട് സ്വദേശി രതീഷ് (30) ആണ് പിടിയിലായത്.
കണ്ണൂര്‍ പോലീസ് ക്ലബിനുമുന്‍പില്‍ നിര്‍ത്തിയിട്ട കെ എല്‍ 13- എ. എസ് 6145 നമ്പര്‍ ബൈക്കാണ് പ്രതി കവര്‍ന്നത്. ടൗൺ ഇന്‍സ്പെക്ടര്‍ പി എ ബിനുമോഹനും സ്ക്വാഡുമാണ് ഇരിക്കൂറില്‍ നിന്നും പ്രതിയെ അറസ്റ്റ് ചെയ്തത്.
പൊലിസ് ക്ലബ്ബിനു മുന്പില് നിര്‍ത്തിയിട്ട ബുളളറ്റ് ചൊവ്വാഴ്ച്ച രാത്രി പത്തുമണിയോടെയാണ് മോഷണം പോയത്. ഗണേശോല്‍സവ ഡ്യൂട്ടികഴിഞ്ഞെത്തിയ സിവില്‍ പൊലിസ് ഓഫീസര്‍ ബുളളറ്റെടുത്ത് നാട്ടിലേക്ക് പോകാന്‍ പോയപ്പോഴാണ് മോഷണവിവരം അറിയുന്നത്.
കാല്‍ടെക്സ്, മേലെചൊവ്വ എന്നിവടങ്ങളിലെ മോട്ടോര്‍വാഹനവകുപ്പിന്റെ സി.സി.ടി.വി ക്യാമറാദൃശ്യങ്ങളില്‍ നിന്നാണ് ബൈക്കുമായി കടന്നുകളയുന്ന രതീഷിന്റെ ചിത്രം കിട്ടിയത്. വ്യാജ താക്കോല്‍ ഉപയോഗിച്ചു ബുളളറ്റിന്റെ ലോക്ക് തകര്‍ത്താണ് ഓടിച്ചു കൊണ്ടു പോയത്. ഈബുളളറ്റ് ഇരിക്കൂറില്‍ ഒളിപ്പിച്ചുവെച്ചത് പൊലിസ് കണ്ടെത്തി കണ്ണൂര്‍ ടൗണ്സ്റ്റേഷനിലെത്തിച്ചിട്ടുണ്ട്. പ്രതിയെ വിശദമായി ചോദ്യം ചെയ്തതിനു ശേഷം കണ്ണൂര്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.