അങ്ങനെ പോലീസിന്റെ മാങ്ങ മോഷണം ഒത്തുതീര്‍ന്നു, പരാതിയില്ലെന്ന് കച്ചവടക്കാരന്
കോട്ടയം: പോലീസ് സേനയ്ക്ക് നാണക്കേടുണ്ടാക്കിയ മാമ്പഴ മോഷണ കേസ് ഒത്തുതീര്‍ന്നു. മാമ്പഴ മോഷ്ടാവായ ഇടുക്കി എ ആര് ക്യാമ്പിലെ സിവില്‍ പോലീസ് ഓഫീസര്‍ പി.വി. ഷിഹാബിനെതിരെ പരാതിയില്ല എന്ന കച്ചവടക്കാരന്റെ ഹര്‍ജി കോടതി അംഗീകരിച്ചു. ഐ പി സി 379 പ്രകാരം ഉള്ള മോഷണ കേസില്‍ തുടര്‍ നടപടികള്‍ അവസാനിപ്പിച്ചു. കേസുമായി ബന്ധപ്പെട്ട് മറ്റ് എന്തെങ്കിലും കുറ്റങ്ങള്‍ ഉണ്ടെങ്കില്‍ പൊലീസിന് അന്വേഷിക്കാമെന്നും കോടതി വ്യക്തമാക്കി. കാഞ്ഞിരപ്പള്ളി ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് നസീബ് അബ്ദുല്‍ റസാഖിന്റേതാണ് ഉത്തരവ്.രണ്ടുദിവസമായി നടന്ന വാദത്തിന് ഒടുവിലാണ് പരാതിക്കാരന് ഇല്ലെങ്കില്‍ കേസ് ഒത്തുതീര്‍പ്പാക്കാന്‍ കാഞ്ഞിരപ്പള്ളി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടത്. ഇക്കാര്യത്തില്‍ പോലീസിന്റെ വാദങ്ങള്‍ തള്ളിക്കൊണ്ടാണ് കോടതി മാമ്പഴ മോഷ്ടാവായ പോലീസുകാരന് അനുകൂലമായ വിധി പുറത്തിറക്കിയത്.