പിപിഇ കിറ്റ്; ഗുണനിലവാരം ഉറപ്പാക്കണമെന്ന മുഖ്യമന്ത്രിയുടെ നിര്‍ദേശം അനുസരിക്കുകയായിരുന്നു: കെ.കെ. ശൈലജ
കുവൈത്ത്: പിപിഇ കിറ്റ് ഉള്‍പ്പെടെ വാങ്ങിയതില്‍ അഴിമതി നടന്നുവെന്ന് കാണിച്ച് ലോകായുക്ത നല്കിയ നോട്ടീസില്‍ വിശദീകരണവുമായി മുന്‍ ആരോഗ്യമന്ത്രി കെ.കെ. ശൈലജ. മുഖ്യമന്ത്രിയുടെ അറിവോടെയാണ് പിപിഇ കിറ്റ് വാങ്ങിയതെന്നും ഗുണനിലവാരം ഉറപ്പാക്കി വാങ്ങണമെന്ന മുഖ്യമന്ത്രിയുടെ നിര്‍ദേശം അനുസരിക്കുകയായിരുന്നെന്നും കെ.കെ. ശൈലജ പറഞ്ഞു. കുവൈത്തില്‍ കല സംഘടിപ്പിച്ച മാനവീയം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു കെ.കെ. ശൈലജ. ‘മുഖ്യമന്ത്രിയുടെ അറിവോടെയാണ് 500 രൂപയുടെ പിപിഇ കിറ്റ് 1500 രൂപയ്ക്ക് വാങ്ങിയത്. എവിടെ കിട്ടിയാലും ഗുണനിലവാരം ഉറപ്പാക്കി വാങ്ങണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. 50,000 കിറ്റിന് ഓര്‍ഡര്‍ നല്കി. 15,000 എണ്ണം വാങ്ങിയപ്പോഴേക്കും വില കുറഞ്ഞു. ബാക്കി പിപിഇ കിറ്റുകള്‍ വാങ്ങിയത് കുറഞ്ഞ വിലയ്ക്കാണ് ‘ -അവര്‍ പറഞ്ഞു. ഇന്നലെയാണ് കെ.കെ. ശൈലജയ്ക്ക് ലോകായുക്ത നോട്ടീസ് നല്‍കിയത്. ശൈലജ നേരിട്ടോ വക്കീല്‍ മുഖാന്തരമോ ഡിസംബര്‍ 8നു ഹാജരാകണമെന്നാണ് നിര്‍ദേശം. ഇവരുടെ വാദം കേള്‍ക്കുന്നതിനൊപ്പം രേഖകള്‍ പരിശോധിച്ച് ലോകായുക്ത നേരിട്ടുള്ള അന്വേഷണവും നടത്തും. വട്ടിയൂര്‍ക്കാവില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ആയിരുന്ന വീണ എസ്.നായരാണു പരാതിയുമായി ലോകായുക്തയെ സമീപിച്ചത്.