സഞ്ചാരികളെ വരവേൽക്കാൻ പുല്ലുപ്പികടവ് ടൂറിസം
നാറാത്ത് പഞ്ചായത്തിലെ പുല്ലുപ്പികടവ് ടൂറിസം പ്രവർത്തികൾ അന്തിമഘട്ടത്തിലേക്ക് നീങ്ങുകയാണ്.കേരളത്തിന്റെ ടൂറിസം ഭൂപടത്തിൽ പുതിയ അടയാളം പതിപ്പിക്കാൻ പദ്ധതിക്ക് സാധിക്കുമെന്ന പ്രതീക്ഷയിലാണ് പഞ്ചായത്ത് അധികൃതർ.
വളപട്ടണം പുഴയുടെ മനോഹാരിതയിൽ ചാലിച്ച പുല്ലൂപ്പി കടവിന്റെ സൗന്ദര്യത്തിന് കൂടുതൽ തിളക്കം ആകും വിധം ആണ് ടൂറിസം പദ്ധതി ഒരുങ്ങുന്നത്. കണ്ണാടിപ്പറമ്പിന് സമീപം പുല്ലുപ്പികടവ് പാലത്തിന്റെ ഇരുവശങ്ങൾ കേന്ദ്രീകരിച്ചാണ് ടൂറിസം പദ്ധതി നടപ്പാക്കിയത്.ജലസാഹസിക ടൂറിസത്തിന് അനുയോജ്യമായ ഇവിടെ 4.15 കോടി രൂപയുടെ പദ്ധതിയാണ് നടപ്പാക്കിയത്.
മുംബൈയിൽ നിന്നും ഇറക്കുമതി ചെയ്ത വെള്ളത്തിലേക്ക് ഇറങ്ങി നിൽക്കുന്ന പതിനാറ് മീറ്റർ നീളമുള്ള പാലത്തോട് കൂടിയ ഫ്ലോട്ടിങ് ഡൈനിങ്ങുകളും സിംഗിൾ ഡൈനിങ്ങുകളും പുഴയോരക്കാഴ്ചയ്ക്ക് മിഴിവേകും.
പ്രവർത്തികൾ അന്തിമഘട്ടത്തിലേക്ക് കടക്കുമ്പോൾ ജൂലൈ അവസാനമോ ആഗസ്റ്റ് ആദ്യവാരമോ പദ്ധതി നാടിന് സമർപ്പിക്കും എന്നാണ് പ്രതീക്ഷയെന്ന് നാറാത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.രമേശൻ പറഞ്ഞു.
കെ വി സുമേഷ് എംഎൽഎയുടെ നേതൃത്വത്തിൽ നാറാത്ത് പഞ്ചായത്ത് സമർപ്പിച്ച വിശദ രേഖ അംഗീകരിച്ചാണ് പദ്ധതി യാഥാർത്ഥ്യം ആക്കിയത്.സൂര്യാസ്തമയം കാണാൻ ഉള്ള ഇരിപ്പടങ്ങളോട് കൂടിയ പാർക്ക്, ചിത്രപ്പണികളോടെയുള്ള വിളക്കുകാലുകൾ,വാട്ടർ സ്പോർട്സ് ആക്ടിവിറ്റികൾ, നടപ്പാതകൾ, സൈക്ലിംഗ് പാതകൾ, കഫ്തേരിയ,കടമുറികൾ, ഫ്ലോട്ടിങ് റസ്റ്റോറന്റുകൾ,ടോയ്ലറ്റ് ബ്ലോക്ക് എന്നിവയാണ് ഇതുവരെ പൂർത്തിയായത്. ഉദ്ഘാടനത്തിന് ഒരുങ്ങുന്ന ഇവിടെ നിരവധി പേരാണ് സഞ്ചാരികളായി എത്തുന്നത്. സഞ്ചാരികളെ നിയന്ത്രിക്കാത്തത് കാരണം പാർക്കിലെ പുന്തോട്ടവും ഏതാനും ലൈറ്റും നശിച്ചു കഴിഞ്ഞു. സിസിടിവി ക്യാമറകളും സ്ഥാപിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.
സഞ്ചാരികളെ വരവേൽക്കാൻ നാറാത്ത് പഞ്ചായത്തിലെ പുല്ലുപ്പികടവ് ടൂറിസം പ്രവർത്തികൾ അന്തിമഘട്ടത്തിലേക്ക് നീങ്ങുകയാണ്.കേരളത്തിന്റെ ടൂറിസം ഭൂപടത്തിൽ പുതിയ അടയാളം പതിപ്പിക്കാൻ പദ്ധതിക്ക് സാധിക്കുമെന്ന പ്രതീക്ഷയിലാണ് പഞ്ചായത്ത് അധികൃതർ