രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര രണ്ടാം ഘട്ടത്തിലേക്ക്
ന്യൂഡല്‍ഹി: വന്‍ വിജയമായ ഭാരത് ജോഡോ യാത്രയുടെ രണ്ടാം ഘട്ടത്തിനൊരുങ്ങി കോണ്‍ഗ്രസ്. ഇത്തവണ നേരത്തെ സഞ്ചരിക്കാത്ത സംസ്ഥാനങ്ങളിലാണ് രാഹുല്‍ ഗാന്ധി യാത്ര നടത്തുക. മഹാരാഷ്ട്ര കോണ്‍ഗ്രസ് അധ്യക്ഷന്‍ നാനാ പടോലെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ആദ്യ യാത്രയ്ക്ക് വലിയ സ്വീകരണമാണ് ലഭിച്ചത്. കന്യാകുമാരി മുതല്‍ കശ്മീര്‍ വരെയായിരുന്നു യാത്ര. രണ്ടാം ഘട്ട ഭാരത് ജോഡോ യാത്ര ഗുജറാത്ത് മുതല്‍ മേഘാലയ വരെയാണ്.
ഈ യാത്രയുടെ അതേ സമയത്ത് മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ് നേതാക്കള്‍ സംസ്ഥാനത്ത് മാര്‍ച്ച് നടത്തുമെന്നും നാനാ പടോലെ വ്യക്തമാക്കി.യാത്രയുടെ രണ്ടാം ഘട്ടത്തിന്റെ മുന്നൊരുക്കങ്ങള്‍ മഹാരാഷ്ട്രയില്‍ ആരംഭിച്ചതായി പടോലെ പറയുന്നു. ഓരോ ലോക്സഭാ സീറ്റിലും ഓരോ പാര്‍ട്ടി നിരീക്ഷകര്‍ എന്ന നിലയില്‍ 48 പാര്‍ട്ടി നിരീക്ഷകരെ നിയമിച്ചിട്ടുണ്ട്. ആറ് ദിവസത്തിനുള്ളില്‍ ഓരോ മണ്ഡലത്തിലെയും സാഹചര്യം എന്താണെന്ന് ഈ നിരീക്ഷകര്‍ അറിയിക്കും.
അതിന് ശേഷം കോര്‍ കമ്മിറ്റി യോഗം ഓഗസ്റ്റ് പതിനാറിന് നടക്കുമെന്നും പടോലെ പറഞ്ഞു. ഈസ്റ്റ് വിദര്‍ഭയില്‍ യാത്രയെ താന്‍ നയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മുംബൈയില്‍ വര്‍ഷ ഗെയ്ക്വാദാണ് യാത്രയെ നയിക്കുക. വെസ്റ്റ് വിദര്യില് വിജയ് വാഡെതിവാര്‍, ഉത്തര മഹാരാഷ്ട്രയില്‍ ബാലാസാഹേബ് തോററ്റ്, മറാത്ത് വാഡയില്‍ അശോക് ചവാന്, വെസ്റ്റ് മഹാരാഷ്ട്രയില്‍ പൃഥ്വിരാജ് ചവാന് എന്നിവരാണ് നയിക്കുക.