അപകീർത്തിക്കേസിൽ രാഹുലിന്റെ ഹരജി സുപ്രീംകോടതി 21ന് പരിഗണിക്കും
ന്യൂഡൽഹി: ‘മോദി’ പരാമർശവുമായി ബന്ധപ്പെട്ട മാനനഷ്ടക്കേസിലെ ഗുജറാത്ത് ഹൈകോടതി വിധിക്കെതിരെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി സമർപ്പിച്ച ഹരജി സുപ്രീംകോടതി ജൂലൈ 21ന് പരിഗണിക്കും. കേസിൽ കീഴ്കോടതി വിധിച്ച തടവുശിക്ഷ സ്റ്റേ ചെയ്യണമെന്ന് ചൂണ്ടിക്കാട്ടി രാഹുൽ നൽകിയ പുനഃപരിശോധന ഹരജി അടുത്തിടെ ഹൈകോടതി തള്ളിയിരുന്നു.
2019 ഏപ്രിൽ 13ന് ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കർണാടകത്തിലെ കോലാറിൽ സംഘടിപ്പിച്ച റാലിയിൽ നടത്തിയ പ്രസംഗത്തിൽ മോദി സമുദായത്തെ രാഹുൽ ഗാന്ധി അവഹേളിച്ചെന്നാണ് കേസ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് നടത്തിയ പരാമർശമാണ് രാഹുലിന് തിരിച്ചടിയായത്.