പെരിങ്ങോം– ചെറുപുഴ, പൊന്നമ്പാറ– മാതമംഗലം റോഡിൽ കുഴികളും, വെള്ളക്കെട്ടും
പെരിങ്ങോം : മഴയുടെ ബാക്കി പത്രമായി മലയോര മേഖലകളിലെ റോഡുകളിൽ കുഴികളും, വെള്ളക്കെട്ടും. 17 കോടി മുടക്കി മെക്കാഡം ടാറിങ് നടത്തിയ പെരിങ്ങോം– ചെറുപുഴ റോഡിലും, 12 കോടി മുടക്കി മെക്കാഡം ടാറിങ് നടത്തിയ പൊന്നമ്പാറ– മാതമംഗലം റോഡിലും രൂപപ്പെട്ട കുഴികളും, വെള്ളക്കെട്ടും വാഹനങ്ങൾകും, യാത്രക്കാർക്കും ദുരിതമാകുന്നു. 4 കോടി മുടക്കിയ പാടിയോട്ടുചാൽ– ഓടമുട്ട് റോഡിലെ കുഴികൾ എണ്ണിയാൽ തീരാത്ത നിലയിലാണ്. റോഡിലെ കുഴികളിൽ വീണ് അപകടത്തിൽപ്പെടുന്നത് കൂടുതലും ഇരുചക്രവാഹനങ്ങളാണ്.
അപകടം പതിവായ പൊന്നമ്പാറ– മാതമംഗലം റോഡിലും, പെരിങ്ങോം ചെറുപുഴ റോഡിലും വില്ലനാകുന്നത് റോഡിലെ കുഴികൾ തന്നെയാണ്. അമിതഭാരം കയറ്റി സർവീസ് നടത്തുന്ന ടോറസ് ലോറികളെ നിയന്ത്രിക്കുവാൻ അധികൃതർ തയാറാകാത്തതാണു മെക്കാഡം ടാറിങ് നടത്തിയ റോഡുകളുടെ തകർച്ചയ്ക്കു കാരണമെന്ന് പ്രദേശവാസികൾ പറയുന്നു. പലതവണ കുഴികളടച്ചിട്ടും കുഴികൾ വൻ കുഴികളായി രൂപപ്പെടുന്ന നിലയിലാണ്.
റോഡ് തകർച്ചയുടെ ഭീകരാവസ്ഥ നേരിൽ കാണുവാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥരും തിരിഞ്ഞുനോക്കുന്നില്ല. പലകേന്ദ്രങ്ങളിലായി റോഡ് സംരക്ഷണവുമായി ബന്ധപ്പെട്ട് ജനങ്ങൾ കാഴ്ച്ചക്കാരല്ലെന്നു ബോർഡുകൾ സ്ഥാപിച്ചിട്ടും സംരക്ഷണമൊന്നും നടക്കുന്നില്ല. കാടുകയറിയ കണ്ണങ്ങാട് – ഓടമുട്ട് റോഡിലെ കാട് തെളിക്കുവാൻ പോലും ബന്ധപ്പെട്ട കരാറുകാരൻ എത്തിയില്ലെന്ന് പരാതിയുണ്ട്.