പൊക്കുണ്ട് – കൂനം കൊളത്തൂർ റോഡ് തകർന്ന് ദുരിതയാത്ര
ശ്രീകണ്ഠപുരം : ദുരിതയാത്രയാണ് ഈ റോഡിലൂടെ. ചെങ്ങളായി, കുറുമാത്തൂർ പഞ്ചായത്തുകളിലൂടെ കടന്നു പോകുന്ന പ്രധാന റോഡാണിത്. ആയിരക്കണക്കിനാളുകൾ ആശ്രയിക്കുന്ന ഈ വഴി പൊട്ടിത്തകർന്നും ചില സ്ഥലത്ത് ചെളിക്കുളമായും കിടക്കുകയാണ്. ചെളിയിലൂടെയും, കുഴികളിലൂടെയും ധാരാളം വാഹനങ്ങൾ ദിവസവും രാവിലെ മുതൽ കടന്നു പോകുന്നു.
തളിപ്പറമ്പ് ഇരിട്ടി സംസ്ഥാന പാതയിലെ പൊക്കുണ്ടിൽ നിന്നാണ് ഈ പാത തുടങ്ങുന്നത്. ചുഴലി, നടുവിൽ മേഖലകളിലേക്കെല്ലാം എളുപ്പത്തിൽ എത്തിപ്പെടാൻ കഴിയുന്ന റോഡാണ് ഇത്. തളിപ്പറമ്പ്, ഇരിക്കൂർ അസംബ്ലി മണ്ഡലങ്ങളിലാണ് ഈ റോഡ്.
ഭാരം കയറ്റിയ വാഹനങ്ങൾ കൂടുതൽ കടന്നു പോകുന്നുണ്ട് എന്നാണ് സംഘത്തിന്റെ കണ്ടെത്തൽ. കൂനം, കൊളത്തൂർ, മാവിലം പാറ, കണ്ണാടിപ്പാറ, പന്നിയൂർ, പൂമംഗലം, ചുഴലി മേഖലകളിൽ ഉള്ളവർക്കെല്ലാം ആശ്വാസമാണ് ഈ റോഡ്. പിഎംജിഎസ്വൈ പദ്ധതിയിൽ ഉൾപ്പെടുത്തിയ റോഡായത് കൊണ്ട് പിഡബ്ല്യുഡിക്കോ, ജില്ലാ പഞ്ചായത്തിനോ ഇവിടെ ഒന്നും ചെയ്യാൻ കഴിയില്ലെന്നാണ് അവസ്ഥ. കുറുമാത്തൂർ, ചെങ്ങളായി പഞ്ചായത്തുകൾ ഈ റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കാൻ കഠിന പ്രയത്നം നടത്തുന്നുണ്ടെങ്കിലും നാട്ടുകാർക്ക് ദുരിത യാത്രതന്നെ.