യാത്രക്കാർക്കും ദുരിതം സമ്മാനിച്ച് തളിപ്പറമ്പ് രാജ രാജേശ്വര ക്ഷേത്രത്തിലേക്കുള്ള റോഡിലെ കുഴി
ഒരു വർഷത്തോളമായി വാഹനങ്ങൾക്കും യാത്രക്കാർക്കും ദുരിതം സമ്മാനിച്ച് റോഡിലെ ഈ കുഴി. മഴക്കാലമെത്തിയതോടെ കുഴിയിൽ വെള്ളം നിറഞ്ഞ് കൂടുതൽ ദുരിതമായി തീർന്നിരിക്കുകയാണ്.
തളിപ്പറമ്പ : അധികൃതരുടെ അനാസ്ഥയുടെ സ്മാരകമായി മാറിയിരിക്കുകയാണ് തളിപ്പറമ്പ് രാജ രാജേശ്വര ക്ഷേത്ര റോഡിലെ കുഴി. സംസ്ഥാന പാതയിൽ വ്യാപാര ഭവന് മുന്നിൽ നിന്നും റോഡ് തുടങ്ങുന്ന ഭാഗത്ത് തന്നെയാണ് വലിയ കുഴികൾ ഉള്ളത്. ഒരു വർഷത്തോളമായി റോഡിൽ കുഴി രൂപപ്പെട്ടിട്ട്. കുഴി കാരണം വാഹനങ്ങൾ വേഗത കുറക്കേണ്ടി വരുന്നത് കൊണ്ട് തിരക്കേറിയ ജംങ്ഷനിൽ സ്ഥിരമായി ഗതാഗതക്കുരുക്കും അനുഭവപ്പെടാറുണ്ട്. ഇന്ത്യയിലെ തന്നെ അതി പ്രശസ്തമായ ക്ഷേത്രത്തിലേക്ക് സംസ്ഥാനത്തിനകത്തും പുറത്തു നിന്നുമായി നൂറുക്കണക്കിന് ഭക്തജനങ്ങളാണ് ദിവസേന എത്തിച്ചേരുന്നത്. മാത്രമല്ല, വെള്ളാവ്, തലോറ, മുക്കോല, കണ്ടിവാതുക്കൽ, കപാലികുളങ്ങര തുടങ്ങിയ സ്ഥലങ്ങളിലുള്ളവരും ഉപയോഗിക്കുന്ന റോഡിൽ ഒരു വർഷത്തോളമായി ഉള്ള കുഴി മൂടി ടാർ ചെയ്യുന്നതിന് ബന്ധപ്പെട്ട അധികാരികൾ തയ്യാറാകാത്തത് വലിയ പ്രതിഷേധത്തിന് ഇടയാക്കുകയാണ്. ടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്തി വീതികൂട്ടിയ റോഡ് പി.ഡബ്ല്യു.ഡിയാണ് മെക്കാഡം ടാറിങ് നടത്തിയത്. ബന്ധപ്പെട്ട അധികാരികൾ സുഗമമായ സഞ്ചാരം ഉറപ്പു വരുത്തുന്നതിന് ആവശ്യമായ നടപടികൾ അടിയന്തിരമായി സ്വീകരിക്കണമെന്നും ഇല്ലെങ്കിൽ സംയുക്ത യൂണിയനുകളുടെ നേതൃത്വത്തിൽ ശക്തമായ സമരവുമായി മുന്നോട് പോകുമെന്നും ഓട്ടോറിക്ഷാ തൊഴിലാളികൾ പറഞ്ഞു.