ബസ് തടഞ്ഞ് നിര്‍ത്തി കവര്‍ച്ച; കണ്ണൂര്‍ സ്വദേശിയടക്കം നാല് പേര് പിടിയില്‍
വയനാട്: സ്വകാര്യ ബസ് തടഞ്ഞു നിര്‍ത്തി യാത്രക്കാരനില്‍ നിന്നും ഒന്നരക്കോടിയോളം രൂപ കവര്‍ച്ച ചെയ്ത കേസിലെ പ്രതികളെ പിടികൂടി. കര്‍ണാടക മാണ്ഡ്യയില്‍ നിന്നും 4 പേരെയാണ് മാനന്തവാടി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. വയനാട് സ്വദേശികളായ സുജിത്ത്, ജോബിഷ്, എറണാകുളം സ്വദേശി ശ്രീജിത്ത് വിജയന്, കണ്ണൂര്‍ സ്വദേശി സക്കീര്‍ ഹുസൈന് എന്നിവരാണ് പിടിയിലായത്.
ഒക്ടോബര്‍ 5 ന് പുലര്‍ച്ചെ നാല് മണിയോടെ തിരുനെല്ലി തെറ്റ് റോഡിന് സമീപത്ത് വച്ചാണ് സംഘം കവര്‍ച്ച നടത്തിയത്. ബെംഗലുരുവില്‍ നിന്ന് കോഴിക്കോടേക്ക് വരികയായിരുന്ന സ്വകാര്യ ബസിലെ യാത്രക്കാരന്റെ പണമാണ് നഷ്ടമായത്. പൊലീസ് എന്നെഴുതിയ സ്റ്റിക്കറൊട്ടിച്ച കാറിലെത്തിയ ഏഴംഗ സംഘം ബസ് യാത്രക്കാരനായ തിരൂര്‍ സ്വദേശിയില്‍ നിന്നും ഒരു കോടി നാല്‍പ്പത് ലക്ഷം രൂപ കവര്‍ന്നതായാണ് പരാതി. കാറില്‍ വന്നവര്‍ കഞ്ചാവ് പിടികൂടാന്‍ വന്ന ഉദ്യോഗസ്ഥരാണെന്നാണ് മറ്റുള്ളവരോട് പറഞ്ഞത്.