മലപ്പട്ടം അഡൂര്‍ സ്വദേശി കെ. ജയരാമന് നമ്പൂതിരി ശബരിമല മേല്‍ശാന്തി
ശബരിമല: കെ. ജയരാമന് നമ്പൂതിരിയെ ശബരിമല മേല്‍ശാന്തിയായി തിരഞ്ഞെടുത്തു. സന്നിധാനത്ത് നടന്ന ചടങ്ങില്‍ പന്തളം കൊട്ടാരത്തിലെ കൃത്തികേശ് വര്‍മയാണ് ശബരിമല മേല്‍ശാന്തിയെ നറുക്കെടുപ്പിലൂടെ തിരഞ്ഞെടുത്തത്. കണ്ണൂര്‍ മലപ്പട്ടം അഡൂര്‍ സ്വദേശിയാണ് കെ. ജയരാമന് നമ്പൂതിരി. പത്തുപേരാണ് അന്തിമപ്പട്ടികയില്‍ ഉണ്ടായിരുന്നത്. ഉഷഃപൂജയ്ക്കുശേഷമാണ് ചടങ്ങുകള്‍ ആരംഭിച്ചത്. ഹരിഹരന് നമ്പൂതിരിയെ മാളികപ്പുറം മേല്‍ശാന്തിയായി തിരഞ്ഞെടുത്തു. പന്തളം കൊട്ടാരത്തിലെ പൗര്‍ണമി ജി. വര്‍മയാണ് മാളികപ്പുറം മേല്‍ശാന്തിയെ നറുക്കെടുപ്പിലൂടെ തിരഞ്ഞെടുത്തത്. എട്ട് ശാന്തിമാരില്‍ നിന്നാണ് ഹരിഹരന് നമ്പൂതിരിയെ തിരഞ്ഞെടുത്തത്. ദേവസ്വംബോര്‍ഡ് പ്രസിഡന്റ് കെ. അനന്തഗോപന്‍, ഹൈക്കോടതി നിയോഗിച്ച നിരീക്ഷകന് റിട്ട. ജസ്റ്റിസ് എന്‍. ഭാസ്കരന് തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു നറുക്കെടുപ്പ്.
നേരത്തെ ശബരിമല മേല്‍ശാന്തി നിയമനത്തിനായുള്ള നറുക്കെടുപ്പ് സ്റ്റേ ചെയ്യാന്‍ സുപ്രീംകോടതി വിസമ്മതിച്ചിരുന്നു. അതേസമയം, മേല്‍ശാന്തി നിയമനം സുപ്രീംകോടതിയുടെ പരിഗണനയിലുള്ള കേസിന്റെ അന്തിമ തീര്‍പ്പിനു വിധേയമായിരിക്കുമെന്ന് ജസ്റ്റിസ് കൃഷ്ണ മുരാരി അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.