വിവാഹ മോചനത്തെപ്പറ്റി തുറന്നു പറഞ്ഞ് നടി സാധിക വേണുഗോപാൽ
വിവാഹം വീട്ടുകാർ ആലോചിച്ചു തന്നെ നടത്തിയതായിരുന്നു. പക്വതയുള്ള പ്രായത്തിൽ തന്നെയാണ് വിവാഹം നടത്തിയത്. പക്ഷേ ചെറിയ ചെറിയ പ്രശ്നങ്ങൾ ഇടയ്ക്കിടെ ഉണ്ടായെന്നും അത് പതിയെ വിവാഹമോചനത്തിൽ കലാശിച്ചെന്നും സാധിക പറഞ്ഞു. വിവാഹമോചനം നേടിയെങ്കിലും മുൻ ഭർത്താവിന്റെ ഫോട്ടോ സമൂഹമാധ്യമങ്ങളിലെ പ്രൊഫൈലുകളിൽ നിന്നും നീക്കം ചെയ്തിട്ടില്ലെന്നും സാധിക വെളിപ്പെടുത്തി. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു സാധിക വേണുഗോപാൽ.
‘‘എന്റെ വിവാഹം കഴിഞ്ഞതാണ്, സന്തോഷത്തോടെ വിവാഹമോചനം നേടി ജീവിക്കുന്നു. ഞാൻ വളരെ പക്വതയോടെ എടുത്ത തീരുമാനമായിരുന്നു കല്യാണം. പക്ഷേ അത് ശരിയായില്ല. ഞാൻ കല്യാണം കഴിച്ചതാണോ എന്നറിയാത്ത ആളുകളുണ്ടെങ്കിൽ അവർ അതിനെപ്പറ്റി അന്വേഷിച്ചിട്ടില്ലാത്തത് കൊണ്ടായിരിക്കും. എന്റെ പ്രൊഫൈലുകളിൽ നിന്ന് പഴയ ഫോട്ടോകളൊന്നും ഡിലീറ്റ് ചെയ്തിട്ടില്ല. ഗൂഗിളിൽ തിരഞ്ഞാലും എന്റെ വിവാഹ ഫോട്ടോ കാണും. എന്റെ സുഹൃത്തിന്റെ സുഹൃത്തായിരുന്നു അത്. വിവാഹാലോചനയായി വന്നത് തന്നെയാണ്. ഞങ്ങൾ ഒരു വർഷത്തോളം സംസാരിച്ച് പരസ്പരം മനസ്സിലാക്കിയിട്ടു തന്നെയാണ് വിവാഹം കഴിച്ചത്. പക്ഷേ എന്തോ ശരിയായില്ല.
വിവാഹമോചനത്തിന് പ്രത്യേകിച്ച് ഒരു പ്രത്യേക കാരണം ഒന്നുമില്ല. ചിലരുടേത് ശരിയാകും ചിലരുടേത് ശരിയാകില്ല എന്നെ പറയാൻ കഴിയൂ. എന്തെങ്കിലും ചെയ്താൽ അത് പൂർണമായി ശരിയായിരിക്കണം എന്നൊരു കാഴ്ചപ്പാട് എനിക്കുണ്ട്. എന്റെ ഭർത്താവ് എല്ലാ കാര്യങ്ങളും എന്നോട് പങ്കുവയ്ക്കണം എന്നൊരു ആഗ്രഹം എനിക്കുണ്ട്. ആളുടെ ടെൻഷൻ ആയാലും പ്രശ്നങ്ങൾ ആയാലും എന്നോട് തുറന്നു പറയണം. അങ്ങനെയൊക്കെ ചെയ്യാതാകുമ്പോൾ അത് ശരിയാകാതെ വരും. ചെറിയ ചെറിയ പ്രശ്നങ്ങൾ കാലം കഴിയുന്തോറും വലുതായി മാറും. അങ്ങനെ ഒക്കെയാണ് അത് വിവാഹമോചനത്തിലേക്ക് എത്തിച്ചേർന്നത്.’’– സാധിക പറയുന്നു.