കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ്; വോട്ടര്‍ പട്ടിക അപൂര്‍ണമെന്ന് തരൂര്‍, പരാതി നല്കി
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ദേശീയ അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്ന ശശി തരൂര്‍ പരാതിയുമായി രംഗത്ത്. വോട്ടര്‍ പട്ടിക അപൂര്‍ണമെന്ന് ചൂണ്ടിക്കാട്ടി മധുസൂദന്‍ മിസ്ത്രി നേതൃത്വം നല്കുന്ന തെരഞ്ഞെടുപ്പ് കമ്മിറ്റിക്ക് തരൂര്‍ പരാതി നല്കി. മൂവായിരത്തോളം വോട്ടര്‍മാരുടെ വിലാസം രേഖപ്പെടുത്തിയിട്ടില്ല. ഇത് തന്റെ പ്രചാരണം തടസപ്പെടുത്താനുള്ള നീക്കമാണെന്നാണ് തരൂര്‍ ആരോപിക്കുന്നത്.
വിവിധ പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റുകളില്‍ നിന്നുള്ള 9000-ല്‍ ഏറെ വരുന്ന വോട്ടര്‍മാരില്‍ മൂന്നിലൊന്ന് ആളുകളുടെയും ശരിയായ വിലാസവും ഫോണ്‍ നമ്പറും ലഭ്യമല്ലാത്തതാണ് പ്രശ്നങ്ങള്‍ക്ക് കാരണം. 13 പിസിസികള്‍ മാത്രമാണ് വോട്ടര്‍മാരുടെ വിലാസം രേഖപ്പെടുത്തിയ പട്ടിക കൈമാറിയിട്ടുള്ളത്. 3267 പേരുടെ മേല്‍വിലാസവും ഇവര്‍ പ്രതിനിധീകരിക്കുന്ന ബൂത്ത്, മണ്ഡലം കമ്മിറ്റി വിവരങ്ങളും ലഭ്യമല്ലെന്ന് പട്ടിക ചൂണ്ടിക്കാട്ടുന്നു.
ബിഹാര്‍, ഉത്തര്‍പ്രദേശ് മുതലായ കോണ്‍ഗ്രസ് സംഘടനാസംവിധാനം ദുര്‍ബലമായ സംസ്ഥാനങ്ങളില്‍ ആരാണ് വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളതെന്ന് തിരിച്ചറിയുക ഏറെക്കുറെ അസാധ്യമായ പ്രക്രിയയാണ്. വോട്ടര്‍മാര്‍ക്ക് ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡ് നല്‍കിയിട്ടുണ്ടെങ്കിലും പേര് മാത്രം രേഖപ്പെടുത്തിയ പഴയ കാര്‍ഡ് ഉപയോഗിക്കുന്നവരുടെ എണ്ണം വളരെ കൂടുതലായതിനാല്‍ പ്രശ്നം വീണ്ടും സങ്കീര്‍ണമാവുകയാണ്.