മല്ലികാര്‍ജുന്‍ ഖാഗര്ഗെക്കായി ചെന്നിത്തല പ്രചരണം നടത്തുന്നത് തെരഞ്ഞെടുപ്പ് അതോറിറ്റി പരിശോധിക്കണമെന്ന് ശശി തരൂര്‍
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് പ്രസിഡണ്ട് തെരഞ്ഞെടുപ്പില്‍ മല്ലികാര്‍ജുന്‍ ഖാഗര്ഗെക്കായി രമേശ് ചെന്നിത്തല പ്രചരണം നടത്തുന്നത് തെരഞ്ഞെടുപ്പ് അതോറിറ്റി പരിശോധിക്കണമെന്ന് ശശി തരൂര്‍ ആവശ്യപ്പെട്ടു. ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി ദില്ലി പിസിസി ഓഫീസിലെത്തിയ ശശി തരൂരിന് തണുപ്പന്‍ സ്വീകരണമാണ് ലഭിച്ചത്. പ്രമുഖ നേതാക്കളാരും സ്വീകരിക്കാനെത്തിയില്ല.
കോണ്‍ഗ്രസ് പ്രസിഡണ്ട് തെരഞ്ഞെടുപ്പിലെ മത്സരം സൗഹാര്‍ദ്ദപരമാണെന്നും ശത്രുക്കള്‍ തമ്മിലുള്ള പോരാട്ടമല്ല നടക്കുന്നതെന്നും കോണ്‍ഗ്രസിന് പുതിയ ഊര്‍ജ്ജം നല്‍കാനാണ് താന്‍ മത്സരിക്കുന്നതെന്നും ശശി തരൂര്‍ വ്യക്തമാക്കി. രഹസ്യ ബാലറ്റാണ് വോട്ടിങ്ങിന് ഉപയോഗിക്കുന്നത്. പൂര്‍ണമായും രഹസ്യാത്മകത നിലനിര്‍ത്തിയാകും വോട്ടിങ് നടക്കുന്നത്.
ഇതിനിടെ ശശി തരൂരിന് വോട്ട് ചെയ്യാനാഹ്വാനം ചെയ്ത് കെപിസിസി ആസ്ഥാനത്ത് ഫ്ളക്സ് ബോര്‍ഡ് പ്രത്യക്ഷപ്പെട്ടു. ‘നാളെയെ കുറിച്ച് ചിന്തിക്കൂ, തരൂരിനെ കുറിച്ച് ചിന്തിക്കൂ, തരൂരിന് വോട്ട് ചെയ്യൂ’ എന്നാണ് തരൂരിന്റെ ചിത്രം വെച്ചുള്ള ഫ്ളക്സ് ബോര്‍ഡിലെ വാചകങ്ങള്‍.