വിടപറഞ്ഞത് ജനകീയ നേതാവ്; തെരഞ്ഞെടുപ്പ് ഗോദയില്‍ ജയിച്ചില്ലെങ്കിലും വിഎസിനെ പോലും വിറപ്പിച്ചു
കണ്ണൂര്‍: കോണ്‍ഗ്രസിലെ ജനകീയ നേതാക്കളുടെ നിരയില്‍ എന്നും മുന്നിലായിരുന്നു സതീശന് പാച്ചേനിയുടെ സ്ഥാനം. രാഷ്ട്രീയ നിലപാടുകള്‍ക്കപ്പുറത്ത് എല്ലാവരുമായും അടുത്ത വ്യക്തിബന്ധം സ്ഥാപിച്ചിരുന്നു സതീശന് പാച്ചേനി. അതുകൊണ്ടു തന്നെയാണ് അദ്ദേഹത്തിന്റെ വിയോഗം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കപ്പുറം നാടിന്റെ ദുഖമായി മാറിയത്. 54-ാം വയസില്‍ അപ്രതീക്ഷിതമായി മരണത്തിന് കീഴടങ്ങുമ്പോള്‍ സതീശന് പാച്ചേനി എല്ലാവര്‍ക്കുമായി ബാക്കിവച്ചത് സ്നേഹത്തിന്റെ ഒരുപിടി നല്ല ഓര്‍മകള്‍ മാത്രമാണ്.
ഇടത് ആഭിമുഖ്യമുള്ള കുടുംബത്തില്‍ ജനിച്ച് കെഎസ്യു പ്രവര്‍ത്തനത്തിലൂടെയാണ് സതീശന് പാച്ചേനി രാഷ്ട്രീയ രംഗത്ത് ശ്രദ്ധേയനായത്. കെഎസ്യു സംസ്ഥാന പ്രസിഡന്റ് ആയിരുന്നപ്പോള്‍ ആ ചുമതല വളരെ ഭംഗിയായി നിര്‍വഹിച്ചു. നിരവധി ത്യാഗ പൂര്‍ണമായ സമരങ്ങള്‍ക്കും ശക്തമായ പ്രക്ഷോഭങ്ങള്‍ക്കും നേതൃത്വം നല്കി. പിന്നീട് അദ്ദേഹം കെപിസിസിയുടെ ജനറല്‍ സെക്രട്ടറി എന്ന നിലയില്‍ കേരളം മുഴുവന്‍ നിറഞ്ഞു നിന്ന് പ്രവര്‍ത്തിച്ചു. ഡിസിസി പ്രസിഡന്റായി കണ്ണൂരില്‍ വളരെ ശ്രദ്ധേയമായ പ്രവര്‍ത്തനം കാഴ്ചവയ്ക്കാന്‍ സാധിച്ചു. ഡിസിസി ഓഫിസിന്റെ നിര്‍മാണം പൂര്‍ത്തീകരിക്കുന്നതിന് സ്വന്തം വീടുപോലും വിറ്റ പണം അദ്ദേഹം ചെലവഴിക്കുകയുണ്ടായി. ത്യാഗപൂര്‍ണ്ണമായ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം തന്നെ അദ്ദേഹം വളരെയേറെ ലാളിത്യം നിറഞ്ഞ ജീവിതത്തിന്റെ ഉടമയായിരുന്നു.
ഇതൊക്കെയായിരുന്നെങ്കിലും ഒരിക്കലും തെരഞ്ഞെടുപ്പു പോരാട്ടത്തില്‍ ജയിക്കാനായില്ലെന്നതാണ് പാച്ചേനിയുടെ വിയോഗത്തില്‍ ഏവരെയും സങ്കടപ്പെടുത്തിയേക്കാവുന്ന മറ്റൊരു കാര്യം. നിയമസഭയിലേക്കും ലോക്സഭയിലേക്കും മത്സരിച്ചെങ്കിലും പലപ്പോഴും കയ്യകലത്ത് വിജയം തെന്നിപ്പോയ ദുര്യോഗം നേരിട്ട നേതാവാണ് പാച്ചേനി. 28 ാം വയസില്‍ ആദ്യ പോരാട്ടത്തിനിറങ്ങിയ സതീശന് പലവട്ടം മത്സരിച്ചെങ്കിലും വിജയം മാത്രം അകന്നു നിന്നു. വി എസ് അച്യുതാനന്ദനെ പോലും വിറപ്പിച്ച പോരാട്ടം കാഴ്ചവെച്ചിട്ടുണ്ട് കോണ്‍ഗ്രസിലെ ഈ പോരാളി.
1996 ല്‍ തളിപ്പറമ്പില്‍ ആദ്യ നിയമസഭ പോരാട്ടത്തിനിറങ്ങുമ്പോള്‍ സതീശന് പാച്ചേനിക്ക് പ്രായം വെറും 28 ആയിരുന്നു. ഇന്നത്തെ സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് മാസ്റ്ററായിരുന്നു അന്ന് പാച്ചേനിയെ തോല്‍പ്പിച്ചത്. 2001 ല്‍ വി എസ് അച്യുതാനന്ദന് വിജയം കൊതിച്ച് മലമ്പുഴയിലെത്തിയപ്പോള്‍, വി എസിനെ നേരിടാന്‍ കോണ്‍ഗ്രസ് നിയോഗിച്ചത് സതീശന് പാച്ചേനിയെ ആയിരുന്നു. 25000 ത്തിലേറെ വോട്ടുകള്‍ക്ക് ഇടത് സ്ഥാനാര്‍ത്ഥികള്‍ പുഷ്പം പോലെ ജയിച്ചു കയറുന്ന മലമ്പുഴയില്‍ ഒരു ഘട്ടത്തില്‍ വി എസ് അക്ഷരാര്‍ത്ഥത്തില്‍ വിറച്ചു എന്ന് പറയാം. ഒടുവില്‍ 4703 വോട്ടുകളുടെ അകലത്തില്‍ പാച്ചേനിയുടെ പോരാട്ടം അവസാനിച്ചു. 2006 ലും വി എസിനോട് കൊമ്പുകോര്‍ത്തെങ്കിലും കനത്ത നിരാശയായിരുന്നു ഫലം.
2009 ല്‍ പാലക്കാട് ലോക്സഭ മണ്ഡലത്തിലായിരുന്നു സതീശന് പാച്ചേനി പോരാട്ടത്തിനിറങ്ങിയത്. എം ബി രാജേഷിനെ അവസാന നിമിഷം വരെ വിറപ്പിച്ചെങ്കിലും 1820 വോട്ടുകളുടെ അകലത്തില്‍ വിജയം ഇക്കുറിയും കൈവിട്ടു. പിന്നീട് സ്വന്തം ജില്ലയിലേക്കായിരുന്നു സതീശന് മടങ്ങിയത്. 2016 കണ്ണൂര്‍ കോണ്‍ഗ്രസിന്റെ അധ്യക്ഷ സ്ഥാനത്തേക്കെത്തിയ അദ്ദേഹം നിയമസഭാ പോരാട്ടത്തിനും ഇറങ്ങി. 2016 കോണ്‍ഗ്രസ് സിറ്റിംഗ് മണ്ഡലമായ കണ്ണൂരില്‍ പോരിനിറങ്ങുമ്പോള്‍ നിയമസഭാ പ്രവേശം ഉറപ്പിച്ചതാണ്. പക്ഷേ 1196 വോട്ടിന് കടന്നപ്പള്ളിയോട് തോല്‍ക്കാനായിരുന്നു വിധി. തോല്‍ക്കുന്ന പാച്ചേനിക്ക് കണ്ണൂരിലിനി സീറ്റ് നല്‍കരുതെന്ന് പാര്‍ട്ടിക്കുള്ളിലെ എതിരാളികള്‍ വാശിപിടിച്ചെങ്കിലും 2021 ലും ടിക്കറ്റ് കിട്ടി. പക്ഷേ ഇക്കുറിയും വിജയം അകന്നു നിന്നു.
ഇന്ന് രാവിലെയാണ് സതീശന് പാച്ചേനി അന്തരിച്ചത്. തലച്ചോറിലുണ്ടായ രക്തസ്രാവത്തെ തുടര്‍ന്ന് ഒരാഴ്ചയായി ചികിത്സയിലായിരുന്നു. മൃതദേഹം പാച്ചേനിയിലെ കുടുംബ വീട്ടില്‍ എത്തിച്ചിട്ടുണ്ട്. നാളെ രാവിലെ 7 ന് ഡി സി സി ഓഫീസിലെ പൊതുദര്‍ശനത്തിന് ശേഷം 11.30 ന് പയ്യാമ്പലത്ത് സംസ്കാരം നടക്കും.