കെപിസിസി മുന്‍ ജനറല്‍ സെക്രട്ടറിയും കണ്ണൂര്‍ ഡിസിസി മുന്‍ പ്രസിഡന്റുമായ സതീശന് പാച്ചേനി അന്തരിച്ചു
കണ്ണൂര്‍: കെപിസിസി മുന്‍ ജനറല്‍ സെക്രട്ടറിയും കണ്ണൂര്‍ ഡിസിസി മുന്‍ പ്രസിഡന്റുമായ സതീശന് പാച്ചേനി (54 ) അന്തരിച്ചു. തലച്ചോറില്‍ രക്തസ്രാവമുണ്ടായതിനെ തുടര്‍ന്ന് ഈ മാസം 19 ന് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തിന്റെ നില ഗുരുതരമാകുകയും മരണം സംഭവിക്കുകയുമായിരുന്നു.
2001 മുതല്‍ തുടര്‍ച്ചയായ 11 വര്‍ഷം കെപിസിസി ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. 2016 ഡിസംബര്‍ മുതല്‍ 2021 വരെ കണ്ണൂര്‍ ഡിസിസി പ്രസിഡന്റായി.
സിപിഎം കോട്ടകളില്‍ വമ്പന്‍ എതിരാളികള്‍ക്കെതിരെ മത്സരിച്ചായിരുന്നു സതീശന് പാച്ചേനിയുടെ തിരഞ്ഞെടുപ്പിലെ ആദ്യ പോരാട്ടങ്ങള്‍. നിയമസഭയിലേക്കു രണ്ടുവട്ടം മലമ്പുഴയില്‍ വി.എസ്. അച്യുതാനന്ദനെതിരെയും ഒരുവട്ടം തളിപ്പറമ്പില്‍ എം.വി. ഗോവിന്ദനെതിരെയും പാച്ചേനിയെ തന്നെ സ്ഥാനാര്‍ഥിയായി കോണ്‍ഗ്രസ് നിയോഗിച്ചു. മത്സരിച്ച എല്ലായിടത്തും വീറോടെ പൊരുതിയെങ്കിലും അവിടെയെല്ലാം പാച്ചേനിക്ക് കാലിടറി. കണ്ണൂര്‍ മണ്ഡലത്തില്‍ അവസാനത്തെ രണ്ട് നിയമസഭാ തിരഞ്ഞെടുപ്പിലും മല്‍സരിച്ചെങ്കിലും ജയം ഒഴിഞ്ഞുനിന്നു. തളിപ്പറമ്പ് അര്‍ബന്‍ കോഓപ്പറേറ്റീവ് ബാങ്കില്‍ ജീവനക്കാരിയായ കെ.വി.റീനയാണ് ഭാര്യ. മക്കള്‍: ജവഹര്‍, സാനിയ.
തളിപ്പറമ്പിലെ കമ്യൂണിസ്റ്റ് ഗ്രാമത്തില്‍ അടിയുറച്ച ഒരു കമ്യൂണിസ്റ്റ് കുടുംബത്തിലായിരുന്നു പാച്ചേനിയുടെ ജനനം. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സജീവ പ്രവര്‍ത്തകരും കര്‍ഷക തൊഴിലാളികളുമായ പരേതനായ പാലക്കീല്‍ ദാമോദരന്റെയും മാനിച്ചേരി നാരായണിയുടെയും മൂത്ത മകനായി 1968 ജനുവരി അഞ്ചിനാണ് മാനിച്ചേരി സതീശന് എന്ന സതീശന് പാച്ചേനി ജനിച്ചത്. പാച്ചേനി സര്‍ക്കാര്‍ എല്‍പി സ്കൂളില്‍ പ്രാഥമിക പഠനത്തിനു ശേഷം ഇരിങ്ങല്‍ യുപി സ്കൂള്‍, പരിയാരം സര്‍ക്കാര്‍ ഹൈസ്കൂള്‍ എന്നിവിടങ്ങളില്‍ സ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. കണ്ണൂര്‍ എസ്എന്‍ കോളജില്‍ നിന്ന് പ്രീഡിഗ്രിയും പയ്യന്നൂര്‍ കോളജില്‍ നിന്ന് പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദവും നേടി. കണ്ണൂര്‍ സര്‍ക്കാര്‍ പോളിടെക്നിക്കില്‍ നിന്ന് മെക്കാനിക്കല്‍ എന്‍ജിനിയറിങ്ങില്‍ ഡിപ്ലോമ നേടി.
എ.കെ.ആന്റണി മുന്നോട്ടു വച്ച മൂല്യാധിഷ്ഠിത രാഷ്ട്രീയത്തോടുള്ള ആദരവ് സ്കൂള്‍ കാലയളവില്‍ കെഎസ്യുവില് അണിചേരാന്‍ പ്രേരണയായി. പരിയാരം ഹൈസ്കൂള്‍ പഠിക്കുമ്പോള്‍ ആദ്യമായി രൂപീകരിക്കപ്പെട്ട കെഎസ്യു യൂണിറ്റിന്റെ പ്രസിഡന്റായി. പിന്നീട് കണ്ണൂര്‍ പോളിടെക്നിക്കിലും കെഎസ്യു യൂണിറ്റ് പ്രസിഡന്റായി. കെഎസ്യു താലൂക്ക് സെക്രട്ടറി, കണ്ണൂര്‍ ജില്ലാ വൈസ് പ്രസിഡന്റ്, സംസ്ഥാന കമ്മിറ്റി അംഗം, സംസ്ഥാന ജനറല്‍ സെക്രട്ടറി എന്നിങ്ങനെ 1999 ല്‍ സംസ്ഥാന പ്രസിഡന്റ് വരെയായി.
സിപിഎമ്മിന്റെ ശക്തിദുര്‍ഗമായ ജില്ലയില്‍, ഇന്ത്യയിലെ തന്നെ ഏറ്റവും വിസ്തൃതിയുള്ള കോണ്‍ഗ്രസ് ഓഫിസുകളിലൊന്നുണ്ടെന്ന ഖ്യാതിയും മേല്‍വിലാസവും എഴുതിച്ചേര്‍ത്താണ് സതീശന് പാച്ചേനി ഡിസിസി പ്രസിഡന്റ് സ്ഥാനമൊഴിഞ്ഞതും. മൂല്യാധിഷ്ഠിത രാഷ്ട്രീയത്തിനൊപ്പം എന്നും ശക്തമായി നിലകൊണ്ട നേതാവിനെയാണ് പാച്ചേനിയുടെ വിയോഗത്തോടെ കോണ്‍ഗ്രസിനു നഷ്ടമാകുന്നത്.