ശസ്ത്രക്രിയയ്ക്കിടെ വയറില്‍ കത്രിക കുടുങ്ങിയ സംഭവം; അന്വേഷണത്തിന് ആരോഗ്യ മന്ത്രിയുടെ നിര്‍ദേശം
തിരുവനന്തപുരം: കോഴിക്കോട് മെഡിക്കല്‍ കോളജില്‍ 5 വര്‍ഷം മുമ്പ് ശസ്ത്രക്രിയയ്ക്കിടെ വയറില്‍ കത്രിക കുടുങ്ങിയെന്ന പരാതിയില്‍ അന്വേഷണത്തിന് നിര്‍ദേശം നല്കി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയോട് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാനാണ് മന്ത്രി നിര്‍ദേശം നല്‍കിയത്. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. പ്രസവ ശസ്ത്രക്രിയക്കിടെയാണ് യുവതിയുടെ വയറ്റിനുള്ളില്‍ കത്രിക വെച്ച് തുന്നിക്കെട്ടിയത്.കഴിഞ്ഞമാസം സ്വകാര്യ ആശുപത്രിയില്‍ നടത്തിയ പരിശോധനയിലാണ് കത്രിക വയറിനുള്ളില്‍ ഉണ്ടെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വെച്ചുതന്നെ വീണ്ടും ശസ്ത്രക്രിയ നടത്തി കത്രിക പുറത്തെടുക്കുകയായിരുന്നു. സംഭവത്തില്‍ ആരോഗ്യമന്ത്രിക്ക് കുടുംബം പരാതി നല്‍കിയിരുന്നു.