ശബരിമല വിമാനത്താവള പദ്ധതി; കേന്ദ്രസർക്കാരിൻറെ ക്ലിയറൻസ് ലഭിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
പത്തനംതിട്ട : ശബരിമല വിമാനത്താവള പദ്ധതിക്കായി കേന്ദ്രസർക്കാർ ക്ലിയറൻസ് ലഭിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിയമസഭാ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിമാനത്താവളത്തിന് സുരക്ഷാ ക്ലിയറൻസ് ലഭിക്കാനുണ്ട്. ഇത് ആഭ്യന്തര വകുപ്പിന്റെ പരിഗണനയിലാണ്. വിമാനത്താവളത്തിന്റെ കാര്യത്തിൽ ആരോഗ്യകരമായ സമീപനമാണ് കേന്ദ്രം സ്വീകരിക്കുന്നത് എന്നത് അത്ഭുതപ്പെടുത്തുന്ന കാര്യമാണ്. മറ്റ് പല കാര്യങ്ങളിലും കേന്ദ്രം നിഷേധാത്മക നിലപാട് സ്വീകരിക്കുന്നത് നമുക്ക് അനുഭവമുള്ളതാണ്. സാമൂഹ്യാഘാത പഠനത്തിനായി ഏഴംഗസമിതിയെ നിയോഗിച്ചിരുന്നു. സമിതി പഠനത്തിന് ശേഷം സമിതി റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. 2570 ഏക്കർ ഏറ്റെടുക്കുന്ന നടപടി ആരംഭിച്ചു കഴിഞ്ഞു. സമയബന്ധിതമായി പദ്ധതി പൂർത്തിയാക്കാൻ സാധിക്കും എന്നാണ് പ്രതീക്ഷയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. നിയമസഭ ഇന്ന് മൂന്ന് ബില്ലുകൾ പരിഗണിക്കാനിരിക്കുകയാണ്. ചരക്ക് സേവന നികുതി, മുൻസിപ്പാലിറ്റി, പഞ്ചായത്തീരാജ് എന്നീ ഭേദഗതി ബില്ലുകളാണ് സഭ പരിഗണിക്കുക. മൂന്ന് ദിവസമായി നടന്ന നയപ്രഖ്യാപനത്തിനുള്ള നന്ദി പ്രമേയ ചർച്ച കഴിഞ്ഞദിവസം പൂർത്തിയായിരുന്നു. ഇന്നും പ്രതിപക്ഷം സഭയിൽ നിന്ന് വാക്ക് ഔട്ട് നടത്തി.