വിമാനത്തിനുള്ളിൽ സിഗരറ്റ് വലിക്കാൻ ശ്രമിച്ച യാത്രക്കാരനെതിരെ കേസെടുത്ത് പൊലീസ്
വിമാനത്തിനുള്ളിൽ തീപ്പെട്ടി ഒളിപ്പിച്ചു കടത്തി; വിമാനം ഇറങ്ങിയ സമയം ശുചിമുറിയിൽ പോയി സിഗരറ്റ് കത്തിച്ച് വലിക്കാൻ ശ്രമം;
തിരുവനന്തപുരം∙ വിമാനത്തിനുള്ളിൽ സിഗരറ്റ് കത്തിച്ച് വലിക്കാൻ ശ്രമിച്ച യാത്രക്കാരന് എതിരെ പൊലീസ് കേസ് എടുത്തു. മഹാരാഷ്ട്ര സ്വദേശി ശിവദാസിന് (65) എതിരെയാണ് വലിയതുറ പൊലീസ് കേസ് എടുത്തത്. വിമാനത്തിനുള്ളിൽ യാത്ര ചെയ്യുമ്പോൾ തീപിടിക്കുന്ന വസ്തുക്കൾ ഒന്നും തന്നെ കൈവശമോ ബാഗിലോ സൂക്ഷിക്കാൻ പാടില്ലെന്ന നിയമം ലംഘിച്ചതാനാണ് നടപടി.
പുണെയിൽ നിന്നു തിരുവനന്തപുരത്തേക്കുള്ള ഇൻഡിഗോ വിമാനത്തിൽ വ്യാഴാഴ്ച ആയിരുന്നു സംഭവം. തീപ്പെട്ടി ഒളിപ്പിച്ചു കടത്തിയ ശിവദാസ് ഡൊമസ്റ്റിക് എയർപോർട്ടിൽ വിമാനം ഇറങ്ങിയ സമയം വിമാനത്തിന്റെ ശുചിമുറിയിൽ പോയി സിഗരറ്റ് കത്തിച്ച് വലിക്കാൻ ശ്രമിക്കുകയും ജീവനക്കാർ തടയുകയായിരുന്നു. ഇൻഡിഗോയുടെ സെക്യൂരിറ്റി അസി.മാനേജർ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എയർപോർട്ട് മാനേജരാണ് പൊലീസിൽ പരാതി നൽകിയത്.