പട്ടികജാതി പട്ടികവര്‍ഗ്ഗ വകുപ്പ് സംസ്ഥാനത്ത് നടപ്പാക്കിയ ഗുണപരമായ നേട്ടങ്ങള്‍ പ്രചരിപ്പിക്കുന്നതിന് പകരം ന്യൂനതകളെ പര്‍വ്വതീകരിച്ച് കാണിക്കാനാണ് പലരും ശ്രമിക്കുന്നതെന്ന് നിയമസഭാ സ്പീക്കര്‍ എ എന്‍ ഷംസീര്‍
പട്ടികജാതി വികസന വകുപ്പിന് കീഴില്‍ പാനൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ നിയന്ത്രണത്തില്‍ കതിരൂരില്‍ പുതുതായി നിര്‍മ്മിച്ച ഗവ: പ്രീമെട്രിക് ഹോസ്റ്റല്‍ കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നേട്ടങ്ങള്‍ പട്ടികജാതി പട്ടികവര്‍ഗ്ഗ സമൂഹത്തില്‍ എത്തിക്കാനാണ് ഉദ്യോഗസ്ഥരും ശ്രമിക്കേണ്ടത്. പട്ടികജാതി പട്ടികവര്‍ഗ്ഗ പിന്നോക്ക വിഭാഗത്തിലെ വിദ്യാര്‍ത്ഥികള്‍ക്കായി നിരവധി പദ്ധതികളാണ് സര്‍ക്കാര്‍ നടപ്പാക്കുന്നത്. വിദേശ സര്‍വ്വകലാശാലകളില്‍ ഉപരി പഠനത്തിനായി 25 ലക്ഷം രൂപ വരെ ധനസഹായം നല്കുന്നു. വൈമാനികനാവാന്‍ താല്‍പ്പര്യമുള്ളവര്‍ക്ക് അതിനുള്ള സഹായവും സര്‍ക്കാര്‍ നല്കുന്നു. പഠിക്കാനുള്ള മനസുണ്ടായാല്‍ മാത്രം മതി- സ്പീക്കര്‍ പറഞ്ഞു.
പട്ടികജാതി പട്ടികവര്‍ഗ്ഗ പിന്നാക്ക ക്ഷേമ ദേവസ്വം പാര്‍ലിമെന്ററികാര്യ വകുപ്പ് മന്ത്രി കെ രാധാകൃഷ്ണന് അധ്യക്ഷത വഹിച്ചു. സംസ്ഥാനത്ത് കൂടുതല്‍ പോസ്റ്റ് മെട്രിക് ഹോസ്റ്റലുകള്‍ തുടങ്ങാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നതായി മന്ത്രി പറഞ്ഞു. ചുരുങ്ങിയ കാലത്തിനുള്ളില്‍ 4 പോസ്റ്റ് മെട്രിക് ഹോസ്റ്റലുകളാണ് തുടങ്ങിയതെന്നും മന്ത്രി കെ രാധാകൃഷ്ണന് പറഞ്ഞു.
പാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എ ശൈലജ, കതിരൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി പി സനില്‍ എന്നിവര്‍ വിശിഷ്ടാതിഥികളായി.
ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടുമാരായ സി കെ അശോകന് ( പന്ന്യന്നൂര്‍), പി വത്സന് (മൊകേരി), സി കെ രമ്യ (ചൊക്ലി), പാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി ടി റംല, ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ കെ പി ശശിധരന്, ജില്ലാ പഞ്ചായത്തംഗം മുഹമ്മദ് അഫ്സല്, സംസ്ഥാന ഉപദേശക സമിതി അംഗം എ ഒ ചന്ദ്രന്, ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ കെ വി രവിരാജ്, പാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ടി വി സുഭാഷ്, മറ്റ് ജനപ്രതിനിധികള്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.കേരള സ്റ്റേറ്റ് കണ്‍സ്ട്രക്ഷന്‍ കോര്പ്പറേഷന് ലിമിറ്റഡ് പ്രൊജക്ട് എഞ്ചിനീയര്‍ സി കൃഷ്ണന് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.