ഇതൊരു ഓര്‍മ്മപ്പെടുത്തല്‍ മാത്രം; ശ്രീരാമകൃഷ്ണന്റെ ഫേസ്ബുക്ക് പോസ്റ്റിന് മറുപടിയുമായി സ്വപ്ന
തിരുവനന്തപുരം: മുന്‍ സ്പീക്കറും സിപിഎം നേതാവുമായ പി ശ്രീരാമകൃഷ്ണന്റെ ഫേസ്ബുക്ക് പോസ്റ്റിന് മറുപടിയുമായി സ്വപ്ന സുരേഷ്. ശ്രീരാമകൃഷ്ണന്റെ സ്വകാര്യ ചിത്രങ്ങള്‍ അടക്കമാണ് സ്വപ്നയുടെ ഫേസ്ബുക്ക് പോസ്റ്റ്.
ഇത് ലളിതവും വിനീതവുമായ ഒരു മറുപടിയാണ്. ശ്രീരാമകൃഷ്ണന്റെ ഫേസ്ബുക്ക് പോസ്റ്റിനും അനുബന്ധ വാദങ്ങള്‍ക്കും എതിരെയുള്ള ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ്. എനിക്ക് എതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്യാന്‍ ഞാന്‍ ഈ മാന്യനോട് അഭ്യര്‍ത്ഥിക്കുന്നു. അതിനാല്‍ ബാക്കി തെളിവുകള്‍ ബഹുമാനപ്പെട്ട കോടതിയില്‍ ഹാജരാക്കാന്‍ എനിക്ക് കഴിയും- എന്ന് സ്വപ്ന പോസ്റ്റില്‍ പറയുന്നു.
നേരത്തെ സ്വപ്നയുടെ ആരോപണങ്ങള്‍ നിഷേധിച്ച് മുന്‍ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന് രംഗത്ത് എത്തിയിരുന്നു. ഒരു സ്ത്രീയോടും മോശമായി പെരുമാറിയിട്ടില്ലെന്നും ഔദ്യോഗിക വസതിയിലേക്ക് സ്വപ്നയെ ഒറ്റക്ക് ക്ഷണിച്ചുവെന്ന ആരോപണം തെറ്റാണെന്നും ശ്രീരാമകൃഷ്ണന് ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു.