തെരുവുനായ മുഖത്തെ മാംസം കടിച്ചെടുത്തു; തുന്നലിടാന്‍ പോലും കഴിയാത്ത വിധമാണ് പരിക്ക്
പാലക്കാട്: കൊടുവായൂരില്‍ തെരുവുനായ ആക്രമണത്തില്‍ നാലുപേര്‍ക്ക് പരിക്ക്. കാക്കയൂര്‍ സ്വദേശി വയ്യാപുരിയുടെ മുഖത്തെ മാംസം നായ കടിച്ചെടുത്തു. നേരാവണ്ണം തുന്നലിടാന്‍ പോലും കഴിയാത്ത വിധമാണ് പരിക്കേറ്റിരിക്കുന്നതെന്ന് ആശുപത്രി അധികൃതര്‍ പറയുന്നു. കാക്കയൂര്‍ ആണ്ടിത്തറയില്‍ പുലര്‍ച്ചെ അഞ്ചരയോടെയാണ് സംഭവം. തൊട്ടടുത്തുള്ള കടയില്‍ പോയി ചായ കുടിച്ച് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് തെരുവുനായ ആക്രമിച്ചത്. ഇതിന് മുന്‍പ് മറ്റൊരാളെ തെരുവുനായ കടിച്ചിരുന്നു. തെരുവുനായയെ അകറ്റാന്‍ ശ്രമിക്കുന്നതിനിടെ, അത് ആക്രമിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. വയ്യാപുരിയുടെ കവിളിന്റെ ഒരു ഭാഗമാണ് നായ കടിച്ചെടുത്തത്. ഇതിന് പിന്നാലെ മറ്റു രണ്ടുപേരെ കൂടി തെരുവുനായ കടിച്ചു. വയ്യാപുരിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.