വിഴിഞ്ഞത്ത് മത്സ്യത്തൊഴിലാളികളുടെ ശക്തമായ പ്രതിഷേധം; വള്ളം കത്തിച്ചും ബാരിക്കേഡുകള്‍ കടലില്‍ തള്ളിയും പ്രതിഷേധം
തിരുവനന്തപുരം: വിഴിഞ്ഞത്ത് മത്സ്യത്തൊഴിലാളികളുടെ ശക്തമായ പ്രതിഷേധം. തുറമുഖ നിര്‍മ്മാണത്തിനെതിരായ സമരത്തിന്റെ നൂറാം ദിനമാണ് തീരത്ത് പ്രതിഷേധം കടുപ്പിച്ചത്. വള്ളം കത്തിച്ചും പൊലീസ് ബാരിക്കേഡുകള്‍ കടലില്‍ തള്ളിയുമാണ് മത്സ്യത്തൊഴിലാളികള്‍ പ്രതിഷേധിച്ചത്. കരയിലും കടലിലും സമരം നടത്തി നൂറാം ദിനത്തില്‍ സമരം കടുപ്പിക്കുകയാണ് തിരുവനന്തപുരം ലത്തീന്‍ അതിരൂപത. പുതുകുറിച്ചി, അഞ്ചുതെങ്ങ് ഫെറോനകളുടെ നേതൃത്വത്തില്‍ വള്ളങ്ങളില്‍ പ്രതിഷേധക്കാര്‍ മുതലപ്പൊഴിയില്‍ നിന്നും വിഴിഞ്ഞത്തേക്ക് എത്തി തുറമുഖം വളഞ്ഞത്. മറ്റ് ഇടവകകളില്‍ നിന്ന് ബൈക്ക് റാലിയായി വന്ന പ്രതിഷേധക്കാര്‍ പൊലീസ് ബാരിക്കേഡുകള്‍ അറബിക്കടലില്‍ വലിച്ചെറിഞ്ഞു, പദ്ധതി പ്രദേശത്തിനകത്തേക്ക് കയറി. കരയിലും കടലിലും പ്രതിഷേധകൊടി ഉയര്‍ത്തി സമരം. കടലില്‍ പണിക്ക് പോകുന്ന വള്ളം കത്തിച്ചാണ് മണ്ണെണ്ണ സബ്സിഡിയില്‍ അടക്കം മുഖം തിരിച്ചു നില്ക്കുന്ന സര്‍ക്കാരിന് സമരക്കാരുടെ മുന്നറിയിപ്പ്. കോടതി വിധി ലംഘിച്ചാണ് പദ്ധതിപ്രദേശത്തക്ക് നൂറ് കണക്കിന് സമരക്കാര്‍ ഇരച്ചുകയറിയത്.