ചരിത്രമെഴുതി ഐഎസ്ആര്‍ഒ; 36 ഉപഗ്രഹങ്ങള്‍ വഹിച്ചുള്ള എല്‍.വി.എം.-3 വിക്ഷേപണം വിജയം
ശ്രീഹരിക്കോട്ട: ബ്രിട്ടീഷ് ഇന്റര്‍നെറ്റ് സേവനദാതാക്കളായ ‘വണ്‍ വെബി’ന്റെ 36 ഉപഗ്രഹങ്ങളും വഹിച്ച് ഐ.എസ്.ആര്.ഒ.യുടെ എല്‍.വി.എം.-3 റോക്കറ്റ് ശ്രീഹരിക്കോട്ടയില്‍ നിന്ന് വിക്ഷേപിച്ചു. വിക്ഷേപണം വിജയകരമെന്ന് ഐ.എസ്.ആര്.ഒ അറിയിച്ചു. കൃത്യം 12.07ന് എല്‍.വി.എം.-3 അഞ്ചാം ദൗത്യത്തിന്റെ ഉത്തരവാദിത്വവുമായി കുതിപ്പ് തുടങ്ങി. ക്രയോജനിക് ഘട്ടം അടക്കം എല്ലാ ഭാഗങ്ങളും കൃത്യമായി പ്രവര്‍ത്തിച്ചു. വിക്ഷേപണം കഴിഞ്ഞ് പത്തൊമ്പതര മിനുട്ട് കഴിഞ്ഞപ്പോള്‍ ആദ്യ നാല് ഉപഗ്രഹങ്ങള്‍ പേടകത്തില്‍ നിന്ന് വേര്‍പ്പെട്ടു. സെക്കന്‍ഡുകളുടെ വ്യത്യാസത്തില്‍ നാല് ഉപഗ്രങ്ങള്‍ കൂടി ഭ്രമണപഥത്തില്‍.
34ആം മിനുട്ടോടെ അടുത്ത എട്ട് ഉപഗ്രഹങ്ങള്‍ കൂടി ഭ്രമണപഥത്തില്‍ സ്ഥാപിച്ചു. 16 ഉപഗ്രഹങ്ങളെ കൃത്യമായി ഭ്രമണപഥത്തില്‍ സ്ഥാപിച്ച ആത്മവിശ്വാസത്തില്‍ ഐഎസ്ആര്‍ഒ അപ്പോള്‍ തന്നെ വിജയം പ്രഖ്യാപിച്ചു. അല്പസമയം കഴിഞ്ഞപ്പോള്‍ തന്നെ ബാക്കി 20 ഉപഗ്രഹങ്ങളും ഭ്രമണപഥത്തില്‍ സ്ഥാപിച്ചുവെന്ന സ്ഥിരീകരണം എത്തി.
5400 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹങ്ങള്‍ ഒറ്റയടിക്ക് ഭ്രമണപഥത്തിലെത്തുന്നതോടെ ഐ.എസ്.ആര്.ഒയ്ക്ക് അത് അഭിമാന നിമിഷം. ഇന്ത്യന്‍ മണ്ണില്‍നിന്ന് ഇത്രയും ഭാരമുള്ള ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കുന്നതും ആദ്യമാണ്. ലോഞ്ച് വെഹിക്കിള്‍ മാര്‍ക്ക് ത്രീ (എല്‍.വി.എം.-3) എന്നു പേരുമാറ്റിയ ജി.എസ്.എല്‍.വി. റോക്കറ്റ് ഉപയോഗിച്ച് ഐ.എസ്.ആര്.ഒ. നടത്തുന്ന ആദ്യത്തെ വാണിജ്യ വിക്ഷേപണമാണിത്.