ശ്രീലങ്കയെ വീഴ്ത്തി വനിതാ ഏഷ്യാ കപ്പ് ടി20 കിരീടം ഇന്ത്യ തിരിച്ചുപിടിച്ചു
ധാക്ക: ശ്രീലങ്കയെ വീഴ്ത്തി വനിതാ ഏഷ്യാ കപ്പ് ടി20 കിരീടം ഇന്ത്യ തിരിച്ചുപിടിച്ചു. ഫൈനലില്‍ എട്ട് വിക്കറ്റിനാണ് ഇന്ത്യ ശ്രീലങ്കയെ തോല്‍പ്പിച്ചത്. ഇന്ത്യയുടെ ഏഴാം ഏഷ്യാ കപ്പ് കിരീടമാണിത്. 2004ല്‍ ടൂര്‍ണമെന്റ് ആരംഭിച്ചത് മുതല്‍ 2016 വരെ തുടര്‍ച്ചയായി ആറ് കിരീടങ്ങള്‍ നേടിയ ഇന്ത്യക്ക് കഴിഞ്ഞ തവണ ബംഗ്ലാദേശിന് മുന്നില്‍ കിരീടം അടിയറവ് വയ്ക്കേണ്ടി വന്നിരുന്നു. ഇത് അഞ്ചാം തവണയാണ് ശ്രീലങ്ക ഇന്ത്യക്ക് മുന്നില്‍ ഫൈനലില്‍ വീഴുന്നത്.
ആദ്യം ബാറ്റ് ചെയ്ത ലങ്കയുടെ പോരാട്ടം നിശ്ചിത ഓവറില്‍ ഒന്‍പത് വിക്കറ്റിന് 65 റണ്‍സെന്ന നിലയില്‍ അവസാനിപ്പിച്ച ഇന്ത്യ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം അടിച്ചെടുത്തു. 8.3 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 71 റണ്‍സെടുത്താണ് ഇന്ത്യ വിജയം കുറിച്ചത്. ഇന്ത്യക്കായി ഓപ്പണര്‍ സ്മൃതി മന്ധാന അര്‍ധ ശതകവുമായി തിളങ്ങി. സ്മൃതി മൂന്ന് സിക്സും ആറ് ഫോറും സഹിതം 25 പന്തില്‍ 51 റണ്‍സ് അടിച്ചെടുത്തു. ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ (11) സ്മൃതിക്കൊപ്പം വിജയത്തില്‍ കൂട്ടായി നിന്നു. ഓപ്പണര്‍ ഷെഫാലി വര്‍മ (അഞ്ച്), ജെമിമ റോഡ്രിഗസ് (രണ്ട്) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്.
നേരത്തെ ടോസ് നേടി ലങ്ക ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. സ്കോര്‍ ഒന്‍പതില്‍ നില്‍ക്കെ അവര്‍ തുടരെ മൂന്ന് വിക്കറ്റുകള്‍ നഷ്ടമായി. ഒരു ഘട്ടത്തിലും ലങ്കന്‍ നിര ആത്മവിശ്വാസത്തോടെ ബാറ്റ് വീശിയില്ല. ആദ്യ ആറ് ബാറ്റര്‍മാരും രണ്ടക്കം കാണാതെ പുറത്തായി.ഏഴാം സ്ഥാനത്ത് ഇറങ്ങിയ ഒഷദി റനസിങ്കെ (13), പത്താം ബാറ്ററായി ഇറങ്ങിയ ഇനോക രണവീര (18) എന്നിവരാണ് രണ്ടക്കം കണ്ട താരങ്ങള്‍.