ട്വന്റി20 ലോകകപ്പ്: സന്നാഹ മത്സരത്തില്‍ ഓസ്ട്രേലിയയെ ആറു റണ്‍സിനു തകര്‍ത്ത് ടീം ഇന്ത്യ
ബ്രിസ്ബെയ്ന്‍: ട്വന്റി20 ലോകകപ്പിനു മുന്നോടിയായുള്ള സന്നാഹ മത്സരത്തില്‍ ഓസ്ട്രേലിയയെ ആറു റണ്‍സിനു തകര്‍ത്ത് ടീം ഇന്ത്യ. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 186 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങില്‍ 20 ഓവറില്‍ പത്ത് വിക്കറ്റ് നഷ്ടത്തില്‍ 180 റണ്‍സെടുക്കാനേ ഓസീസിനു സാധിച്ചുള്ളൂ. മുഹമ്മദ് ഷമി എറിഞ്ഞ അവസാന ഓവറാണു കളി ഇന്ത്യയ്ക്ക് അനുകൂലമാക്കിയത്. 20-ാം ഓവര്‍ മാത്രം എറിയാനെത്തിയ ഷമി അവസാന നാലു പന്തുകളില്‍ നാലു താരങ്ങളെ പുറത്താക്കി. അതിലൊന്നു റണ്ണൗട്ടായിരുന്നു. ജയിക്കാന്‍ 11 റണ്‍സാണ് ഈ ഓവറില്‍ ഓസ്ട്രേലിയയ്ക്ക് ആവശ്യമുണ്ടായിരുന്നത്. ഒരു ഓവര്‍ മാത്രം എറിഞ്ഞ ഷമി നാല് റണ്‍സാണ് ആകെ വിട്ടുനല്‍കിയത്. ജോഷ് ഇംഗ്ലിസ്, പാറ്റ് കമ്മിന്‍സ്, ആഷ്ടന്‍ ആഗര്‍, കെയ്ന്‍ റിച്ചഡ്സന് എന്നിവരെയാണു ഷമി പുറത്താക്കിയത്. അവസാന ഒന്‍പതു റണ്‍സെടുക്കുന്നതിനിടെ ഓസ്ട്രേലിയയ്ക്ക് ആറു വിക്കറ്റുകള്‍ നഷ്ടമായി. ഇന്ത്യയ്ക്ക് വേണ്ടി ഓപ്പണര്‍ കെ.എല്‍. രാഹുല്‍, സൂര്യകുമാര്‍ യാദവ് എന്നിവര്‍ അര്‍ധസെഞ്ചറി നേടി. 33 പന്തുകള്‍ നേരിട്ട രാഹുല്‍ 57 റണ്‍സെടുത്തു പുറത്തായി. സൂര്യ 33 പന്തുകളില്‍നിന്ന് 50 റണ്‍സെടുത്തു. ഓസ്ട്രേലിയയ്ക്കു വേണ്ടി പേസര്‍ കെയ്ന്‍ റിച്ചഡ്സന് നാലു വിക്കറ്റു വീഴ്ത്തി. 78 റണ്‍സിന്റെ ഒന്നാം വിക്കറ്റ് കൂട്ടുകെട്ടാണ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയും രാഹുലും ഇന്ത്യയ്ക്കു നല്‍കിയത്.
ഓസ്ട്രേലിയയ്ക്കു വേണ്ടി ഓപ്പണര്‍ മിച്ചല്‍ മാര്‍ഷ് 18 പന്തുകളില്‍നിന്ന് 35 റണ്‍സെടുത്തു. ഗ്ലെന്‍ മാക്സ്വെല്ലും ബാറ്റിങ്ങില്‍ തിളങ്ങി. 16 പന്തുകള്‍ നേരിട്ട താരം 23 റണ്‍സാണു നേടിയത്. ബാറ്റിങ്ങിലെ മുന്‍നിര തകര്‍ത്തടിച്ചെങ്കിലും മധ്യനിരയും വാലറ്റവും ഇന്ത്യന്‍ ബോളര്‍മാര്‍ക്കു മുന്നില്‍ പതറിവീണു.