തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് നവീകരിച്ച മീറ്റിങ്ങ് ഹാളുകളുടെ ഉദ്ഘാടനം നിർവ്വഹിച്ച് എം വി ഗോവിന്ദൻ
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സി.എം കൃഷ്ണൻ അധ്യക്ഷത വഹിച്ചു. അസി. എക്സി എൻജിനിയർ യു.ശ്രീജ റിപ്പോർട്ട് അവതരിപ്പിച്ചു. വൈസ് പ്രസിഡൻ്റ് പി.പ്രേമലത, പി.എം മോഹനൻ, ആനക്കിൽ ചന്ദ്രൻ, സി.ഐ വത്സല, കൊയ്യം ജനാർദ്ദനൻ, എം.വി മോളി എന്നിവർ സംസാരിച്ചു.
തളിപ്പറമ്പ : പാവപ്പെട്ടവന് നീതി നിഷേധിക്കുകയും സമ്പന്നന് നീതി അനീതിയാക്കി കാര്യസാധ്യം നടത്തിക്കൊടുക്കുകയും ചെയ്യുന്നത് വർഗ പരമായ പ്രശ്നമാണെന്ന് എം.വി ഗോവിന്ദൻ എം.എൽ.എ. നമ്മുടെ സിസ്റ്റം അതാണെന്നും താൻ മന്ത്രിയായിരിക്കുമ്പോൾ ഉദ്യോഗസ്ഥരുടെ യോഗങ്ങളിൽ ചെറിയ സാങ്കേതികത്വത്തിൻ്റെ പേരിൽ സാധാരണക്കാർക്ക് നീതി നിഷേധിക്കരുതെന്ന് നിർദ്ദേശം നൽകിയിരുന്നുവെന്നും എം.എൽ.എ പറഞ്ഞു. ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജീവനക്കാർ സേവനം നൽകാൻ ബാധ്യതയുള്ളവരാണ്. സേവനം ലഭിക്കേണ്ടത് ജനങ്ങളുടെ അവകാശമാണ്. അത് നിഷേധിക്കാൻ ഒരു ഉദ്യോഗസ്ഥനും അവകാശമില്ല. ചെറിയ കാര്യങ്ങൾ പറഞ്ഞ് മടക്കാതെ അപാകത ചൂണ്ടിക്കാണിച്ച് അത് പരിഹരിക്കാൻ സഹായിക്കുന്ന വൃന്ദമായി ഉദ്യോഗസ്ഥർ മാറണം. അഴിമതിക്കെതിരെ മാധ്യമങ്ങളിൽ വാർത്തകൾ വരികയും കേ സാക്കുകയും ചെയ്തത് കൊണ്ട് കാര്യമില്ല. കൈക്കൂലി നൽകിയാലെ കാര്യങ്ങൾ നടക്കൂ എന്ന ധാരണ മാറ്റണം. അത് പൊതു ബോധമായി ഉയരണമെന്നും എം.വി ഗോവിന്ദൻ എം.എൽ.എ പറഞ്ഞു.
45 ലക്ഷം രൂപ ചെലവഴിച്ചാണ് കോൺഫറൻസ് ഹാളും മിനി ഹാളും നവീകരിച്ചത്.