തളിപ്പറമ്പ് ബസ് സ്റ്റാൻഡ് പരിസരത്ത് തെരുവുനായയുടെ അക്രമത്തിൽ അഞ്ച് പേർക്ക് പരുക്കേറ്റു
നഗരത്തിൽ അലഞ്ഞു തിരിയുന്ന നായകൾ യാതൊരു പ്രകോപനവുമില്ലാതെ ആളുകളെ അക്രമിക്കുകയായിരുന്നു. നഗരത്തിൽ എത്തുന്നവർ ഭീതിയിലാണ്.നഗരത്തിൽ അലഞ്ഞു തിരിയുന്ന നായകൾ യാതൊരു പ്രകോപനവുമില്ലാതെ ആളുകളെ അക്രമിക്കുകയായിരുന്നു. നഗരത്തിൽ എത്തുന്നവർ ഭീതിയിലാണ്.
തളിപ്പറമ്പ് : നഗരത്തിൽ തെരുവ് നായ ശല്ല്യം രൂക്ഷമായിരിക്കുകയാണ് വ്യാഴാഴ്ച രാവിലെ തളിപ്പറമ്പ് കപ്പാലത്തെ സി.ജാഫർ, തൃച്ചംബരത്തെ എസ്.മുനീർ, പട്ടുവത്തെ പി.വി.വിനോദ്, വരഡൂലിലെ പി.ജബാർ, പുളിമ്പറമ്പ് താമസിക്കുന്ന അതിഥി തൊഴിലാളി വിമൽ മുർമ്മു എന്നിവരെയാണ് തെരുവ് നായ കടിച്ചത്. ഓട്ടോഡ്രൈവറായ തൃച്ചംബരത്തെ മുനീറിനെ ബസ് സ്റ്റാൻഡിലെ ഓട്ടോ സ്റ്റാൻഡിൽ വച്ച് കടിച്ച തെരുവ്നായ കെ.വി കോംപ്ലക്സിന് സമീപത്തെ ഇടവഴിയിലൂടെ എത്തിയാണ് ന്യൂസ് കോർണറിന് സമീപം പത്രം വായിച്ചുകൊണ്ടുനിന്ന ജാഫറിനെ ആക്രമിച്ചത്. വിനോദിനെയും വിമൽ മുർമുവിനെയും കോഫി ഹൗസിനും ടെമ്പോ സ്റ്റാൻഡിനും സമീപത്തുവച്ചും ജബാറിനെ മത്സ്യവിൽപ്പനക്കിടയിൽ ഉണ്ടപ്പറമ്പിൽ വച്ചും നായ അക്രമിച്ച് പരുക്കേൽപ്പിച്ചു. ജബ്ബാർ, മുനീർ, വിനോദ് എന്നിവർക്ക് തളിപ്പറമ്പ് താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം പരിയാരം ഗവ. മെഡിക്കൽ കോളജിലേക്ക് മാറ്റി. ജബ്ബാർ, വിമൽ മുർമ്മു എന്നിവർ താലൂക്ക് ആശുപത്രിയിലും ചികിത്സ തേടി. ബുധനാഴ്ച്ച വൈകുന്നേരം ദേശീയ പാതയിൽ ഷോപ്റിക്സിന് സമീപത്ത് വച്ച് ഒരു സ്ത്രീയ്ക്കും തെരുവുനായയുടെ കടിയേറ്റിരുന്നു. വിവരമറിഞ്ഞ് നഗരസഭാ ചെയർപേഴ്സൻ മുർഷിദ കൊങ്ങായി, പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷൻ പി.പി.മുഹമ്മദ് നിസാർ എന്നിവർ തളിപ്പറമ്പ് താലൂക്ക് ആശുപത്രിയിലെത്തി പരുക്കേറ്റവരെ സന്ദർശിച്ചു.