തളിപ്പറമ്പ കാക്കാത്തോട് സ്റ്റാൻഡ് യാർഡിലെ ഇൻ്റർലോക്ക് ഇളകി കാൽനടയാത്രക്കാർക്കും ചെറുവാഹനങ്ങൾക്കും ദുരിതമായി മാറുന്നു
കോടിയിലേറെ ചെലവഴിച്ച് സ്ഥാപിച്ച ഇൻ്റർ ലോക്ക് കട്ടകൾ ഒരു വർഷം തികയുമ്പോൾ തന്നെ ഇളകിയത് കടുത്ത പ്രതിഷേധത്തിന് ഇടയാക്കുകയാണ്.
തളിപ്പറമ്പ : രണ്ടു ഘട്ടങ്ങളിലായി നവീകരിച്ച കാക്കാത്തോട് സ്റ്റാൻഡ് യാർഡ് 2022 ജൂണിലാണ്
നഗരസഭ ചെയർപേഴ്സൻ മുർഷിദ കൊങ്ങായി ഉദ്ഘാടനം ചെയ്തത്. രണ്ടു ഘട്ടങ്ങളിലായി 4550 ചതുരശ്ര മീറ്റർ സ്ഥലത്താണ് ഇന്റർലോക്ക് പതിപ്പിച്ചത്. ആദ്യഘട്ടം 1350 ചതുരശ്ര മീറ്റർ സ്ഥലത്താണ് ഇന്റർലോക്ക് പാകിയത്. രണ്ടാം ഘട്ടമായി 98 ലക്ഷം രൂപ വകയിരുത്തി 3200 ചതുരശ്ര മീറ്റർ ഇന്റർലോക്ക് പ്രവൃത്തിയും പൂർത്തീകരിച്ചു. ഷോപ്പിങ് മുറികളും ടോയ്ലറ്റ് സംവിധാനവും ഒരുക്കുന്നതോടെ മലയോര ബസ് സ്റ്റാൻഡ് എന്ന സ്വപ്നം യാഥാർഥ്യമാകുമെന്നാണ് അധികൃതർ പറഞ്ഞിരുന്നത്. നവീകരിച്ച യാർഡ് ഉദ്ഘാടനം ചെയ്തെങ്കിലും മറ്റ് സംവിധാനങ്ങൾകൂടി പൂർത്തിയാകുന്നതുവരെ താൽക്കാലികമായി കാർ, മറ്റ് ചെറുവാഹനങ്ങൾ എന്നിവക്ക് പേ പാർക്കിങ് ഒരുക്കിയിരിക്കുകയായിരുന്നു. വാഹന ഗതാഗതത്തിനായുള്ള ഭാഗത്തായി രണ്ടിടങ്ങളിലായാണ് ഇൻ്റർ ലോക്ക് കട്ടകൾ ഇളകിയിരിക്കുന്നത്. കാൽനടയാത്രക്കാർക്കും ചെറുവാഹനങ്ങൾക്കും വലിയ ദുരിതമാണ് ഇത് ഉണ്ടാക്കുന്നത്. കോടിയിലേറെ ചെലവിട്ട് നിർമ്മിച്ച് ഒരു വർഷം കൊണ്ട് തകർന്നതിൻ്റെ കാരണം കണ്ടു പിടിക്കണമെന്നും കരാറുകാരെ കൊണ്ട് തന്നെ ഇളകിയ ഭാഗം ശരിയാക്കണമെന്നുമാണ് ആവശ്യമുയരുന്നത്.