ഓണ്‍ലൈന്‍ ചൂതാട്ട നിരോധന ബില്‍ തമിഴ്നാട് നിയമസഭ പാസാക്കി
ചെന്നൈ: ഓണ്‍ലൈന്‍ ചൂതാട്ട നിരോധന ബില്‍ തമിഴ്നാട് നിയമസഭ പാസാക്കി. ഇതോടെ ചൂതാട്ട സ്വഭാവമുള്ള എല്ലാ ഓണ്‍ലൈന്‍ ഗെയിമുകളും തമിഴ്നാട്ടില്‍ നിയമവിരുദ്ധമാകും. ഓണ്‍ലൈന്‍ റമ്മിയടക്കം ചൂതാട്ടങ്ങളുടെ ഏതുതരത്തിലുള്ള പരസ്യവും പ്രചാരണവും നിയമവിരുദ്ധമാകും. ചൂതാട്ടം നടത്തുന്നവര്‍ക്കും കളിക്കുന്നവര്‍ക്കും മൂന്ന് വര്‍ഷം വരെ തടവുശിക്ഷ നിയമം ശുപാര്‍ശ ചെയ്യുന്നു. ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 26ന് മന്ത്രിസഭ പാസാക്കി ഒക്ടോബര്‍ 1ന് ഗവര്‍ണര്‍ ഒപ്പുവച്ച ഓണ്‍ലൈന്‍ ചൂതാട്ട നിരോധന ഓര്‍ഡിനന്‍സിന് പകരമാണ് പുതിയ നിയമം.
ഓണ്‍ലൈന്‍ റമ്മിയടക്കം ചൂതാട്ടങ്ങള്‍ക്ക് അടിമകളായി ചെറുപ്പക്കാരും വിദ്യാര്‍ത്ഥികളുമടക്കം ഇരുപതിലേറെപ്പേര്‍ തമിഴ്നാട്ടില്‍ ജീവനൊടുക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് എംകെ സ്റ്റാലിന് നയിക്കുന്ന ഡിഎംകെ സര്‍ക്കാര്‍ ഓണ്‍ലൈന്‍ ചൂതാട്ട ഓഡിനന്‍സിനെപ്പറ്റി ആലോചിച്ചത്. അതേസമയം ഓണ്‍ലൈന്‍ ഗെയിംമിംഗ് നിക്ഷേപകരുടെ സംഘടനയായ ഇ-ഗെയിമിംഗ് ഫെഡറേഷന് നിയമത്തെ കോടതിയില്‍ ചോദ്യം ചെയ്യുമെന്ന് അറിയിച്ചു.