റാഞ്ചിയില്‍ ജയിക്കാന്‍ ടീം ഇന്ത്യ, എല്ലാ കണ്ണുകളും സഞ്ജുവിലേക്ക്
റാഞ്ചി: ലഖ്നൗവില്‍ തോറ്റതിന് റാഞ്ചിയില്‍ പകരം വീട്ടുമോ, ഇന്നറിയാം. ഇന്ത്യ-ദക്ഷിണാഫ്രിക്ക രണ്ടാം ഏകദിനം ഇന്ന് റാഞ്ചിയില്‍ നടക്കും. ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് മത്സരം തുടങ്ങുക. ആദ്യ കളി തോറ്റ ഇന്ത്യക്ക് മൂന്ന് ഏകദിനങ്ങളുടെ പരമ്പര നഷ്ടമാവാതിരിക്കാന്‍ ഇന്ന് ജയിച്ചേ തീരൂ. ലഖ്നൗവില്‍ കയ്യെത്തുംദൂരത്ത് നഷ്ടമായ ജയം തിരികെ പിടിക്കാനാണ് ശിഖര്‍ ധവാനും കൂട്ടരും റാഞ്ചിയില്‍ ഇറങ്ങുന്നത്. 9 റണ്‍സിനായിരുന്നു ഒന്നാം ഏകദിനത്തിലെ ഇന്ത്യന്‍ തോല്‍വി. സഞ്ജു സാംസണ് പൊരുതിയെങ്കിലും ഇന്ത്യയ്ക്ക് വിജയിക്കാന്‍ കഴിഞ്ഞിരുന്നില്ല. മുന്‍നിര ബാറ്റ്സ്മാന്മാര് ഫോമിലാവാത്തതാണ് കഴിഞ്ഞ മത്സരത്തിലെ തോല്‍വിക്ക് കാരണം. ക്യാപ്റ്റന്‍ ശിഖര്‍ ധവാന്, ശുഭ്മാന്‍ ഗില്‍, റുതുരാജ് ഗെയ്ക്വാദ്, ഇഷാന് കിഷന് തുടങ്ങിയവര്‍ പ്രതിഭയ്ക്കൊത്ത പ്രകടനം പുറത്തെടുത്താല്‍ എല്ലാ ഭാരവും സഞ്ജുവിന് മുകളിലാവില്ല. പൊതുവെ ദുര്‍ബലമായ ബൗളിംഗ് നിരക്ക് ദീപക് ചഹാറ് പരിക്കേറ്റ് പുറത്തായത് ഇരട്ടി പ്രഹരമായി. ക്യാപ്റ്റന്‍ തെംബാ ബാവുമയുടെ മോശം ഫോമാണ് ദക്ഷിണാഫ്രിക്കയുടെ പ്രധാന പ്രശ്നം. ഇന്ത്യന്‍ യുവ നിരയ്ക്കെതിരെ കാസിസോ റബാഡയും ലുങ്കി എന്കിടിയടക്കമുള്ള ബൗളര്‍ തല്ല് വാങ്ങി കൂട്ടിയതും തലവേദന തന്നെ.