എല്‍ദോസ് കുന്നപ്പിള്ളിക്ക് താത്കാലിക ജാമ്യം; മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ അന്തിമവിധി വരുന്നത് വരെ അറസ്റ്റ് പാടില്ല
തിരുവനന്തപുരം: ലൈംഗികപീഡനക്കേസിലെ പരാതിക്കാരിയെ മര്‍ദ്ദിച്ച കേസില്‍ പെരുമ്പാവൂര്‍ എം.എല്‍.എ. എല്‍ദോസ് കുന്നപ്പിള്ളിക്ക് താത്കാലിക ജാമ്യം. മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ അന്തിമ വിധി വരുന്നത് വരെ അറസ്റ്റ് പാടില്ലെന്ന് കോടതി നിര്‍ദേശിച്ചു. തിരുവനന്തപുരം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയുടേതാണ് നിര്‍ദേശം. നേരത്തെ എല്‍ദോസ് കുന്നപ്പിള്ളി വീണ്ടും മുന്‍കൂര്‍ ജാമ്യഹര്‍ജി നല്‍കിയിരുന്നു. ചോദ്യംചെയ്യാന്‍ വിളിപ്പിച്ച തനിക്കെതിരേ പുതിയ ആരോപണങ്ങള്‍ ഉന്നയിച്ച് പോലീസ് കേസെടുക്കുമെന്ന ഭയത്താലാണ് മുന്‍കൂര്‍ ജാമ്യഹര്‍ജി നല്‍കിയതെന്നാണ് എം.എല്‍.എ.യുടെ വാദം. കോടതിനിര്‍ദേശപ്രകാരം അന്വേഷണവുമായി പൂര്‍ണമായി സഹകരിച്ചിട്ടും പരാതിക്കാരിയെക്കൊണ്ട് പുതിയ ആരോപണങ്ങള്‍ ഉയര്‍ത്തി തന്നെ അറസ്റ്റുചെയ്യാനുള്ള നീക്കം ശക്തമാണെന്നും ഹര്‍ജിയില്‍ ആരോപിച്ചിരുന്നു.