തളിപ്പറമ്പ് ഹാപ്പിനസ് ഫെസ്റ്റിവലിന്റെ ലോഗോ പ്രകാശനം ചെയ്തു
തളിപ്പറമ്പ്: തളിപ്പറമ്പില്‍ ഡിസംബര്‍ 20 മുതല്‍ 31 വരെ നടക്കുന്ന ഹാപ്പിനസ് ഫെസ്റ്റിവലിന്റെ ലോഗോ പ്രകാശനം നടന്നു. എം.വി ഗോവിന്ദന് എം.എല്‍.എ പ്രശസ്ത സിനിമാ നടന് ആസിഫലിക്ക് നല്കി പ്രകാശനം ചെയ്തു. എക്സിബിഷനുകള്‍, ഫിലിം ഫെസ്റ്റിവല്‍, മെഗാമ്യൂസിക് ഷോ, ഫ്ളവര്‍ ഷോ,പുസ്തകോത്സവം, കലാകായിക മത്സരങ്ങള്‍, അഗ്രികള്‍ച്ചറല്‍ ഫെസ്റ്റിവല്‍, ഫോക് കലാപ്രകടനങ്ങള്‍, ക്ലാസിക്കല്‍ നൃത്തം, ഫാഷന്‍ ഷോ, മ്യൂസിക് മെഗാ ഇവന്റ്, നാടകം, അന്താരാഷ്ട്ര ചലച്ചിത്ര മേള, കേരളത്തിന്റെ തനത് കലാരൂപങ്ങള്‍, സാംസ്കാരിക സമ്മേളനം തുടങ്ങിയവയാണ് ഫെസ്റ്റിന്റെ ഭാഗമായി സംഘടിപ്പിക്കുക. ധര്‍മ്മശാലയിലെ കണ്ണൂര്‍ ഗവ.എന്‍ജിനിയറിംഗ് കോളേജ് ക്യാമ്പസ്, മുനിസിപ്പല്‍ സ്റ്റേഡിയം എന്നിവിടങ്ങളിലായാണ് ഫെസ്റ്റ് നടക്കുക. സംരംഭകത്വം, സ്ത്രീശാക്തീകരണം, കലാകായികം, സാംസ്കാരികം തുടങ്ങിയ മേഖലകളിലെ മുന്നേറ്റമാണ് ഫെസ്റ്റിലൂടെ ലക്ഷ്യമിടുന്നത്. മന്ത്രിമാര്‍, സാംസ്കാരിക നായകന്മാര്, കലാകായിക മേഖലയിലെ പ്രതിഭകള്‍ തുടങ്ങി നിരവധിപേര്‍ അതിഥികളായെത്തും. പരിപാടിയോടനുബന്ധിച്ച് മണ്ഡലത്തിലെ മുഴുവന്‍ പഞ്ചായത്തുകളിലും മെഡിക്കല്‍ ക്യാമ്പുകളും ആരോഗ്യ ബോധവല്‍ക്കരണ സെമിനാറുകളും നടത്തും. തളിപ്പറമ്പ് മൊട്ടമ്മല്‍ മാളില്‍ നടന്ന ചടങ്ങില്‍ ആന്തൂര്‍ നഗരസഭ ചെയര്മാന് പി. മുകുന്ദന് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡണ്ടുമാരായ വി.എം. സീന( കുറുമാത്തൂര്‍), ടി. ഷീബ(പരിയാരം), കെ.കെ. റിഷ്ണ(മയ്യില്‍), തളിപ്പറമ്പ് നഗരസഭ വൈസ് ചെയര്മാന് കല്ലിങ്കീല്‍ പത്മനാഭന്, തളിപ്പറമ്പ് ഡിവൈഎസ്പിഎം പി. വിനോദ്, സ്വാഗത സംഘം കണ്‍വീനര്‍ എ. നിഷാന്ത്, കെ. സന്തോഷ് തുടങ്ങിയവര്‍ പങ്കെടുത്തു.