ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ള പോര് നിര്‍ണായകഘട്ടത്തില്‍; മുഖ്യമന്ത്രി 10.30ന് മാധ്യമങ്ങളെ കാണും
തിരുവനന്തപുരം: സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള പോര് നിര്‍ണായക ഘട്ടത്തിലേക്ക്. സംസ്ഥാനത്തെ 9 സര്‍വകലാശാലകളിലെ വൈസ് ചാന്‍സലര്‍മാര്‍ രാജിവെക്കണമെന്ന് അന്ത്യശാസനം നല്‍കിയതിന് പിന്നാലെയാണ് ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ള പോര് കടുത്തത്. ഇന്നു രാവിലെ 11.30 ന് അകം സംസ്ഥാനത്തെ ഒമ്പതു സര്‍വകലാശാല വൈസ് ചാന്‍സലര്‍മാര്‍ രാജി സമര്‍പ്പിക്കണമെന്നാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ആവശ്യപ്പെട്ടിട്ടുള്ളത്. ഗവര്‍ണറുടെ അന്ത്യാശാസനത്തിന് വിസിമാര്‍ വഴങ്ങുമോ എന്നാണ് രാഷ്ട്രീയകേരളം ഉറ്റുനോക്കുന്നത്. അതേസമയം, ഗവര്‍ണറുടെ അന്ത്യാശാസനം പുറത്തു വന്ന സാഹചര്യത്തില്‍, മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് മാധ്യമങ്ങളെ കാണും. രാവിലെ പത്തരയ്ക്ക് പാലക്കാട്ടെ കെഎസ്ഇബി ഗസ്റ്റ് ഹൗസില്‍ വച്ചാകും മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനം. ഞായറാഴ്ച രാത്രി എട്ടരയോടെ ഗസ്റ്റ് ഹൗസില്‍ എത്തിയ മുഖ്യമന്ത്രി മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കാന്‍ തയാറായില്ല. തുടര്‍നടപടി സംബന്ധിച്ച് നിയമവിദഗ്ധരുമായി സര്‍ക്കാര്‍ കൂടിയാലോചനകള്‍ തുടരുകയാണ്.
കേരള, എംജി, കൊച്ചി, കണ്ണൂര്‍, കാലിക്കറ്റ്, ഫിഷറീസ്, ശ്രീശങ്കരാചാര്യ, സാങ്കേതിക, സംസ്കൃതം, മലയാളം എന്നീ സര്‍വകലാശാലകളിലെ വിസിമാരോടാണ് ഗവര്‍ണര്‍ രാജി ആവശ്യപ്പെട്ടിരിക്കുന്നത്. ഇത്തരത്തില്‍ കൂട്ടരാജി ആവശ്യപ്പെടുന്നത് ചരിത്രത്തിലാദ്യമായാണ്. യുജിസി ചട്ടം പാലിക്കാത്ത നിയമനത്തിന്റെ പേരില്‍ സാങ്കേതിക സര്‍വകലാശാല വിസിയെ പുറത്താക്കിയ സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഗവര്‍ണറുടെ അസാധാരണ നടപടി.