ദക്ഷിണ കൊറിയയിലെ ഹലോവീന്‍ ആഘോഷങ്ങള്‍ക്കിടെ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ എണ്ണം 149 ആയി
സോള്‍: ദക്ഷിണ കൊറിയയിലെ സോളില്‍ ഹലോവീന്‍ ആഘോഷങ്ങള്‍ക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ എണ്ണം 149 ആയി. തിരക്കില്‍പ്പെട്ട് ശ്വാസ തടസവും, ഹൃദയാഘാതവും ഉണ്ടായാണ് പലരും മരിച്ചത്. നൂറോളം പേര്‍ക്കാണ് പരിക്കേറ്റിരിക്കുന്നത്. ഇതില്‍ പലരുടേയും നില ഗുരുതരമാണ്. ഇതോടെ മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇറ്റാവോയിലെ ഇടുങ്ങിയ തെരുവിലാണ് ആഘോഷങ്ങള്‍ക്കിടെ ദാരുണ സംഭവം ഉണ്ടായത്.
കോവിഡ് നിയന്ത്രണങ്ങള്‍ക്ക് ശേഷം ആദ്യമായി മാസ്ക് ഇല്ലാതെ ആഘോഷങ്ങള്‍ക്കായി ഒത്തുകൂടിയതായിരുന്നു ആളുകള്‍ ഇവിടെ. നഗരത്തിലെ പ്രസിദ്ധ പാര്‍ട്ടി കേന്ദ്രങ്ങളില്‍ ഒന്നായ ഹാമില്ട്ടന് ഹോട്ടലിന് സമീപമായിരുന്നു ജനക്കൂട്ടം. ഒരു ഭാഗത്ത് നിന്നു ആളുകള്‍ തള്ളിക്കയറാന്‍ ശ്രമിച്ചതാണ് അപകടങ്ങളിലേക്ക് നയിച്ചതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. തെരുവില്‍ പലരും വീണു കിടക്കുന്നതും ചിലര്‍ സിപിആര്‍ നല്കാന് ശ്രമിക്കുന്നതുമായ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.