ക്വട്ടേഷന്‍ സംഘം തട്ടിക്കൊണ്ടു പോയ വ്യാപാരി വീട്ടില്‍ തിരിച്ചെത്തി; കണ്ണുകെട്ടി കൊല്ലത്ത് ഇറക്കിവിടുകയായിരുന്നു
കോഴിക്കോട്: ക്വട്ടേഷന്‍ സംഘം തട്ടിക്കൊണ്ടു പോയ വ്യാപാരി മുഹമ്മദ് അഷറഫ് തിരിച്ച് വീട്ടിലെത്തി. ഇന്നലെ രാത്രിയാണ് അഷറഫ് വീട്ടിലെത്തിയത്.
കോഴിക്കോട് താമരശ്ശേരിയില്‍ നിന്നാണ് ക്വട്ടേഷന്‍ സംഘം മൂന്ന് ദിവസങ്ങള്‍ക്ക് മുമ്പ് അഫറഫിനെ തട്ടിക്കൊണ്ടുപോയത്. ഇന്നലെ രാവിലെ കൊല്ലത്ത് കണ്ണുകെട്ടി ഇറക്കിവിടുകയായിരുന്നുവെന്നാണ് അഷ്റഫ് പറഞ്ഞത്. കൊല്ലത്ത് നിന്ന് ബസ് കയറി കോഴിക്കോട്ടെത്തി. തട്ടിക്കൊണ്ട് പോകലിനിടെ മൊബൈല്‍ ഫോണ്‍ നഷ്ടമായതിനാല്‍ ആരെയും ബന്ധപ്പെടാന്‍ കഴിഞ്ഞില്ലെന്നും ഇയാള്‍ പറയുന്നു. ഇയാളില്‍ നിന്ന് വിശദമായ മൊഴി പോലീസ് രേഖപ്പെടുത്തും.
മലപ്പുറം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സ്വര്‍ണക്കടത്ത് സംഘമാണ് തട്ടിക്കൊണ്ടുപോകലിന് പിന്നിലെന്നാണ് പൊലീസിന് ലഭിച്ച വിവരം.
മുക്കത്ത് സൂപ്പര്‍ മാര്‍ക്കറ്റ് നടത്തുന്ന മുഹമ്മദ് അഷ്റഫിനെ ശനിയാഴ്ച രാത്രി 8.45 നാണ് താമരശേരിയില്‍ നിന്ന് രണ്ട് വാഹനങ്ങളില്‍ എത്തിയ സംഘം തട്ടിക്കൊണ്ടുപോയത്. സിസിടിവി ദൃശ്യങ്ങളും ദൃക്സാക്ഷി മൊഴികളും അടിസ്ഥാനമാക്കി ഊര്‍ജ്ജിതമായി അന്വേഷണം നടത്തിയിട്ടും അഷറഫ് എവിടെയെന്ന് കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. അഷ്റഫിനെ തട്ടിക്കൊണ്ടുപോകാന്‍ ഉപയോഗിച്ച രണ്ട് വാഹനങ്ങള്‍ പൊലീസ് നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു. അഷ്റഫിനെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ മലപ്പുറം പുത്തനത്താണി സ്വദേശി മുഹമ്മദ് ജൗഹറെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഗൂഢാലോചനയില്‍ പങ്കെടുത്ത മറ്റ് രണ്ട് പേരുടെ അറസ്റ്റും പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. മുക്കം കൊടിയത്തൂര്‍ സ്വദേശികളായ മുഹമ്മദ് നാസ്, ഹബീബ് റഹ്മാന് എന്നിവരെയാണ് താമരശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്.