കോണ്‍ഗ്രസിന്റെ പുതിയ അധ്യക്ഷനെ ഇന്നറിയാം; വോട്ടെണ്ണല്‍ രാവിലെ പത്തോടെ എഐസിസി ആസ്ഥാനത്ത്
ന്യൂഡല്‍ഹി: കോണ്‍ഗ്രസിന്റെ പുതിയ അധ്യക്ഷനെ ഇന്നറിയാം. രാവിലെ പത്ത് മണി മുതല്‍ എഐസിസി ആസ്ഥാനത്ത് വോട്ടെണ്ണല്‍ നടപടികള്‍ ആരംഭിക്കും. ഉച്ചയ്ക്ക് ശേഷം ഫലപ്രഖ്യാപനം ഉണ്ടാകും. ശശി തരൂരും മല്ലികാര്‍ജുന്‍ ഖാര്‍ഗെയുമാണ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിച്ചത്. അട്ടിമറിയൊന്നും ആരും പ്രതീക്ഷിക്കുന്നില്ല. ഖാര്‍ഗെയുടെ വിജയം നേതൃത്വം ഉറപ്പിച്ചു കഴിഞ്ഞതാണ്. എന്നാല്‍, തരൂരിന് കിട്ടുന്ന പിന്തുണ എത്രയെന്നതില്‍ മാത്രമാണ് ആകാംക്ഷ. 68 ബാലറ്റ് പെട്ടികള്‍ പത്ത് മണിയോടെ സ്ട്രോംഗ് റൂമില്‍ നിന്ന് പുറത്തെടുക്കും. ബാലറ്റ് പേപ്പറുകള്‍ കൂട്ടി കലര്‍ത്തി, നൂറ് എണ്ണം വീതമുളള ഓരോ കെട്ടാക്കി മാറ്റും. നാല് മുതല്‍ ആറ് ടേബിളുകളിലായി വോട്ടെണ്ണല്‍ നടക്കും. 9497 വോട്ടുകളാണ് ആകെ പോള്‍ ചെയ്തത്.
അതേസമയം, പോളിംഗില്‍ വ്യാപക ക്രമക്കേട് നടന്നെന്നാണ് ശശി തരൂരിന്റെ പരാതി. ഉത്തര്‍പ്രദേശിലെയും തെലങ്കാനയിലെയും വോട്ടുകള്‍ എണ്ണരുതെന്നും തരൂര്‍ ആവശ്യപ്പെട്ടു. പല സംസ്ഥാനങ്ങളിലെയും ബാലറ്റ് പെട്ടികള്‍ എഐസിസിയില്‍ എത്തിക്കാന്‍ വൈകി എന്നും പരാതിയുണ്ട്.