നടിയെ ആക്രമിച്ച കേസ്; ദിലീപിന്റെ അപേക്ഷ ഇന്ന് സുപ്രിം കോടതി പരിഗണിക്കും
ന്യൂഡല്‍ഹി: നടിയെ ആക്രമിച്ച കേസില്‍ ദിലീപ് നല്കിയ അപേക്ഷ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. വിചാരണ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ വിചാരണ കോടതിക്ക് നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് അപേക്ഷ നല്‍കിയത്. വിചാരണ നടപടികള്‍ നീളാതെയിരിക്കാന്‍ കേസില്‍ ഒരിക്കല്‍ വിസ്തരിച്ചവരെ വീണ്ടും വിസ്തരിക്കാന്‍ അനുവദിക്കരുതെന്നും ദിലീപ് സുപ്രീം കോടതിയോട് ആവശ്യപ്പെട്ടിരുന്നു.
വിചാരണ എത്രനാളിനുള്ളില്‍ പൂര്‍ത്തിയാക്കാനാകുമെന്നതില്‍ വിചാരണ കോടതിയില്‍ നിന്ന് സുപ്രീം കോടതി തല്‍സ്ഥിതി റിപ്പോര്‍ട്ട് തേടിയിരുന്നു. വിചാരണ കോടതി ഇതിന് നല്കിയ മറുപടിയും ഇന്ന് കോടതിക്ക് മുന്നില്‍ എത്തും.
തന്റെ മുന്‍ ഭാര്യയും ഒരു ഉന്നത പൊലീസ് ഉദ്യോഗസ്ഥനും തന്നെ കേസില്‍ പെടുത്തിയതിന് ഉത്തരവാദിയാണെന്നും ഈ പോലീസ് ഉദ്യോഗസ്ഥന് നിലവില്‍ ഡിജിപി റാങ്കില്‍ ആണെന്നും സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്തിരിക്കുന്ന അപേക്ഷയില്‍ ദിലീപ് ആരോപിച്ചിട്ടുണ്ട്. അതേ സമയം വിചാരണ കോടതി മാറ്റണമെന്ന് ആവശ്യപ്പെട്ട് അതിജീവിതയും സുപ്രിം കോടതിയെ സമീപിച്ചിട്ടുണ്ട്.