തെരുവ് നായ്ക്കളുടെ കാര്യം ഇന്നറിയാം; കൊല്ലണോ വളര്‍ത്തണോ; ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും
ന്യൂഡല്‍ഹി: തെരുവ്നായകളെ നിയന്ത്രിക്കണമെന്ന ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ആക്രമണകാരികളായ തെരുവ്നായകളെയും പേപ്പട്ടികളെയും കൊല്ലാന്‍ അനുമതി തേടിയുള്ള കേരളത്തിന്റെ അപേക്ഷയും ഹര്‍ജിയോടൊപ്പം പരിഗണിക്കുന്നുണ്ട്. ഹര്‍ജിയില്‍ ഇടക്കാല ഉത്തരവിന് ഇന്ന് സാധ്യതയുണ്ട്. നിലവിലെ കേന്ദ്ര ചട്ടങ്ങള്‍ അനുസരിച്ച് നായ്ക്കളെ കൊല്ലാന്‍ അനുമതിയില്ല. അക്രമകാരികളായ നായ്ക്കളെ പ്രത്യേക സ്ഥലത്തേക്ക് മാറ്റി മരണം വരെ ഒറ്റപ്പെടുത്തി പാര്‍പ്പിക്കുകയാണ് ചെയ്യുന്നത്. കേരളത്തിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ഇളവ് വേണമെന്നാണ് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
കേരളത്തില്‍ നൂറുകണക്കിന് ആളുകള്‍ക്ക് ദിവസേന നായകളുടെ കടി ഏല്ക്കുകയും മരണം സംഭവിക്കുകയും ചെയ്യുന്നതിനാല്‍ ശക്തമായ ഇടപെടല്‍ ഉണ്ടാകണമെന്ന് ഹര്‍ജിക്കാര്‍ കേസ് പരിഗണിച്ചപ്പോള്‍ ആവശ്യപ്പെട്ടിരുന്നു. കോഴിക്കോട് നഗരസഭയും കണ്ണൂര്‍ ജില്ലാ പഞ്ചായത്തും സുപ്രീംകോടതിയില്‍ ഇതു സംബന്ധിച്ച് പ്രത്യേക അപേക്ഷ നല്‍കിയിരുന്നു.