തളിപ്പറമ്പിലെ മാല മോഷണം; പ്രതിയെ തെളിവെടുപ്പിന് എത്തിച്ചു
തളിപ്പറമ്പ്: തളിപ്പറമ്പില്‍ ഉള്‍പ്പെടെ നിരവധി സ്ഥലങ്ങളിലെ മോഷണക്കേസുകളിലെ പ്രതിയെ തെളിവെടുപ്പിനായി തളിപ്പറമ്പില്‍ എത്തിച്ചു. കണ്ണൂര്‍ പാനൂര്‍ കൂരാറ കടേപ്രം തെരുവ് ഭാഗത്ത് ചാലില്‍ വീട്ടില്‍ ഫാസിലിനെയാണ് തെളിവെടുപ്പിനായി തളിപ്പറമ്പില്‍ എത്തിച്ചത്. ഈ കഴിഞ്ഞ സെപ്തംബര്‍ 24 നാണ് തളിപ്പറമ്പിലെ വടക്കാഞ്ചേരി അടുക്കം, പാലകുളങ്ങര ശാസ്താ റോഡ്, കീഴാറ്റൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്ന് പ്രതി മാല പൊട്ടിച്ചു രക്ഷപ്പെട്ടത്.
ഒരു മണിക്കൂറിനിടയില്‍ നടന്ന കവര്‍ച്ചയില്‍ 8 പവനോളം സ്വര്‍ണ്ണമാണ് നഷ്ടപ്പെട്ടത്. വൈകിട്ട് 4.30 ഓടെ ചെപ്പനൂലിലെ വീട്ടിലേക്ക് നടന്നു പോകുകയായിരുന്ന ഇ. ശാന്തയുടെ മുന്നേകാല്‍ പവന് മാല വടക്കാഞ്ചേരി അടുക്കത്ത് വച്ചാണ് മോഷ്ടാവ് പൊട്ടിച്ചെടുത്തത്. 5 മണിയോടെ തൃച്ചംബരം മുയ്യം റോഡില്‍ നടക്കാനിറങ്ങിയ ഉമാ നാരായണന് എന്നവരുടെ മൂന്നു പവന് മാല പാലകുളങ്ങര ശാസ്താ റോഡില്‍ വച്ചും വീടുപണി നടക്കുന്ന സ്ഥലത്തേക്ക് പോകുകയായിരുന്ന എം.ജയമാലിനിയുടെ രണ്ട് പവന് മാല 5.20 ഓടെ കീഴാറ്റൂരില്‍ വച്ചുമാണ് പൊട്ടിച്ചു കൊണ്ടുപോയത്. മൂന്നിടങ്ങളിലും ചുവന്ന സ്കൂട്ടിയില്‍ വന്നയാളാണ് മാല പൊട്ടിച്ചതെന്ന് മാല നഷ്ടപ്പെട്ടവര്‍ പോലീസിനോട് പറഞ്ഞിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തി വരുന്നതിനിടെയാണ്
ഏറണാകുളത്ത് നിന്ന് പ്രതിയെ എറണാകുളം പോലീസ് മറ്റൊരു കേസില്‍ അറസ്റ്റ് ചെയ്യുന്നത്. പ്രതിയുടെ പേരില്‍ വിവിധ ജില്ലകളിലായി പിടിച്ചുപറി, മോഷണം, പോക്കറ്റടി എന്നീ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. എറണാകുളം പോലീസ് അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്ത പ്രതിയെ 3 ദിവസത്തേക്കാണ് തളിപ്പറമ്പ് പോലീസ് കസ്റ്റഡിയില്‍ വാങ്ങിയത്. ബുധനാഴ്ച പ്രതിയെ കോടതിയില്‍ ഹാജരാക്കും.