മേയർ – ഡ്രൈവർ തർക്കം; ദൃശ്യങ്ങൾ അടങ്ങിയ ബസിലെ സി.സി.ടി.വി കാമറയുടെ മെമ്മറി കാർഡ് കാണാനില്ല
തിരുവനന്തപുരം : മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എം.എൽ.എയും സഞ്ചരിച്ച കാർ കുറുകെയിട്ട് കെ.എസ്.ആർ.ടി.സി ബസ് തടഞ്ഞ സംഭവത്തിൽ ദൃശ്യങ്ങൾ അടങ്ങിയ ബസിലെ സി.സി.ടി.വി കാമറയുടെ മെമ്മറി കാർഡ് കാണാനില്ല. ഡ്രൈവർ യദു ഓടിച്ച കെ.എസ്.ആർ.ടി.സി ബസ് പൊലീസ് പരിശോധിച്ചപ്പോൾ കാമറയുടെ ഡി.വി.ആർ കണ്ടെത്തിയെങ്കിലും മെമ്മറി കാർഡ് കണ്ടെത്താനായില്ല. ഇതോടെ ബസിനുള്ളിലെ ദൃശ്യങ്ങൾ ലഭിക്കില്ലെന്ന് കന്റോൺമെന്റ് പൊലീസ് പറഞ്ഞു. ടെക്നീഷ്യന്റെ സഹായത്തോടെയാണ് ഡി.വി.ആർ കണ്ടെത്തിയത്. 64 ജി.ബിയുടെ ഒരു മെമ്മറി കാർഡ് ഡി.വി.ആറിൽ ഉണ്ടാവേണ്ടതാണ്. മെമ്മറി കാർഡ് ആദ്യം മുതലേ ഇല്ലായിരുന്നോ അല്ലെങ്കിൽ ആരെങ്കിലും എടുത്ത് മാറ്റിയതാണോ എന്നതിൽ ഇതുവരെ വ്യക്തതയില്ല.
ബസിനുള്ളിൽ കയറി സച്ചിൻദേവ് എം.എൽ.എ യാത്രക്കാരെ ഇറക്കിവിട്ടോ എന്നതിനുള്ള നിർണായകമായ തെളിവുകളാണ് ഇതോടെ ലഭിക്കാതായത്. ഇതോടെ യദു നൽകിയ പരാതിയിൽ നടപടി അനിശ്ചിതത്വത്തിലാണ്. അതിനിടെ, സംഭവസമയത്ത് തർക്കം മൊബൈലിൽ ചിത്രീകരിച്ചയാളോട് മേയർ അത് ഡിലീറ്റ് ചെയ്യാൻ ആവശ്യപ്പെടുന്ന രംഗം പുറത്തുവന്നിരുന്നു. ദൃശ്യങ്ങൾ മേയർക്കെതിരായ തെളിവാകുമെന്നതിനാലാണ് ഡിലീറ്റ് ചെയ്യാൻ ആവശ്യപ്പെട്ടതെന്നും ഇതേകാരണത്താലാണ് ബസിലെ മെമ്മറി കാർഡ് എടുത്ത് മാറ്റിയതെന്നും കോൺഗ്രസ് നേതാക്കൾ ആരോപിച്ചു.