പിടിവിട്ടുയര്‍ന്ന് തക്കാളി വില
ഉത്തരേന്ത്യയില്‍ വില 250 രൂപയിലേക്ക്.
ന്യൂഡൽഹി : രാജ്യത്ത് റെക്കോഡുകൾ ഭേദിച്ച് തക്കാളിവില പറക്കുന്നു. ഉത്തരാഖണ്ഡിൽ ചില്ലറ വിപണിയിൽ ഒരു കിലോ തക്കാളിക്ക് 200 രൂപ പിന്നിട്ടു. ഗംഗോത്രി ധാമിൽ കിലോയ്ക്ക് 250 രൂപയ്ക്കാണ് വിൽപ്പന. വില പിടിച്ചുനിർത്താനുള്ള കേന്ദ്രസർക്കാരിന്റെ നാമമാത്ര ശ്രമങ്ങള്‍ ഫലംകണ്ടില്ല. അന്താരാഷ്ട്ര ഭക്ഷ്യശൃംഖലയായ മക്ഡൊണാൾഡിന്റെ ഡൽഹിയിലെ ശാഖകള്‍ ബർഗർ വിഭവങ്ങളിൽനിന്നടക്കം തക്കാളി ഒഴിവാക്കുന്നതായി അറിയിച്ചു. വൻ വിലവർധനയും ക്ഷാമവുമാണ് ഈ തീരുമാനത്തിലേക്ക് നയിച്ചതെന്നും ഉപഭോക്താക്കളോട് ക്ഷമ ചോദിക്കുന്നതായും കമ്പനി പറഞ്ഞു.
കാലം തെറ്റിയെത്തിയ മഴയിൽ വൻ വിളനാശമുണ്ടായതോടെയാണ് വില പിടിച്ചാൽകിട്ടാത്ത നിലയിലെത്തിയത്. ഡൽഹി, ലഖ്നൗ, ചണ്ഡിഗഢ് എന്നിവിടങ്ങളിൽ ഇഞ്ചിക്ക് കിലോ 250 രൂപയായി. വഴുതന കിലോയ്ക്ക് 40ൽ നിന്ന് നൂറിലെത്തി. വില കുതിച്ചതോടെ പലയിടത്തും പച്ചക്കറി മോഷണ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. തെലങ്കാനയിലെ മഹബൂബാദ് ജില്ലയിലെ കടയിൽനിന്ന് 20 കിലോ തക്കാളിയും പച്ചമുളകടക്കം 30 കിലോ മറ്റ് പച്ചക്കറികളും കവർന്നു