വഴിയിൽ കുടുങ്ങി വന്ദേ ഭാരത് എക്സ്പ്രസ്; കണ്ണൂരിൽ പിടിച്ചിട്ടു, യാത്രക്കാർക്ക് ദുരിതം
സാങ്കേതിക പ്രശ്നത്തെ തുടർന്നാണ് ട്രെയിൻ പിടിച്ചിട്ടതെന്നാണ് വിവരം. പ്രശ്നം പരിഹരിക്കാൻ ശ്രമിക്കുകയാണെന്ന് റെയിൽവെ.
കണ്ണൂർ: കാസർകോട് നിന്നും തിരുവനന്തപുരത്തേക്ക് പുറപ്പെട്ട വന്ദേ ഭാരത് എക്സ്പ്രസ് വഴിയിൽ പിടിച്ചിട്ടു. ഒരു മണിക്കൂറിലേറെ കണ്ണൂർ റെയിൽവെ സ്റ്റേഷനിൽ പിടിച്ചിട്ട വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിൻ പിന്നീട് ഇവിടെ നിന്ന് പുറപ്പെട്ടെങ്കിലും അധികം വൈകാതെ വീണ്ടും പിടിച്ചിട്ടു. എഞ്ചിൻ തകരാറാണ് ട്രെയിൻ വഴിയിൽ കുടുങ്ങാൻ കാരണമെന്നാണ് വിവരം. മുൻ മന്ത്രി ഷിബു ബേബി ജോൺ അടക്കമുള്ള യാത്രക്കാർ എസി പോലും ഇല്ലാതെ ട്രെയിനിൽ ദുരിതം അനുഭവിക്കുകയാണ്.
മൂന്നരയ്ക്ക് പുറപ്പെടേണ്ട ട്രെയിൻ അഞ്ച് മണിക്ക് ശേഷമാണ് കണ്ണൂരിൽ നിന്ന് പുറപ്പെട്ടത്. ഇലക്ട്രിക് ഡോർ അടയാതിരുന്നതാണ് പ്രശ്നമായതെന്നാണ് റെയിൽവെ പറയുന്നത്. എന്നാൽ കംപ്രസർ തകരാറിനെ തുടർന്ന് ട്രെയിനിന്റെ എഞ്ചിൻ ഓഫായി. എസി പ്രവർത്തിക്കാതെ വന്നതോടെയാണ് ട്രെയിനിൽ ഉണ്ടായിരുന്ന യാത്രക്കാർ ബുദ്ധിമുട്ടി. വിമാന സമയം നോക്കി ട്രെയിനിൽ കയറിയ ചിലർക്ക് വിമാനങ്ങൾ കിട്ടാത്ത സ്ഥിതിയായെന്നും വിമർശനം ഉയർന്നിട്ടുണ്ട്.
കണ്ണൂർ റെയിൽവെ സ്റ്റേഷനിൽ ഒരു മണിക്കൂറും 40 മിനിറ്റും ട്രെയിൻ ആദ്യം പിടിച്ചിട്ടിരുന്നു. പിന്നീട് സാവധാനം വണ്ടി മുന്നോട്ട് നീങ്ങി. എന്നാൽ എസി പ്രവർത്തിച്ചില്ല. തുടർന്ന് പ്ലാറ്റ്ഫോമിൽ നിന്ന് മുന്നോട്ട് മാറിയ ശേഷം വണ്ടി വീണ്ടും നിർത്തുകയായിരുന്നു.