ഗവര്‍ണറുടെ ഉത്തരവ് സ്വാഗതം ചെയ്ത് വി.ഡി. സതീശന്; വൈകിയ വേളയിലാണെങ്കിലും ഗവര്‍ണര്‍ തെറ്റ് തിരുത്തി
തിരുവനന്തപുരം: സംസ്ഥാനത്തെ 9 സര്‍വ്വകലാശാലകളിലെ വൈസ് ചാന്‍സിലര്‍മാര്‍ രാജി വെക്കണമെന്നുള്ള ഗവര്‍ണറുടെ ഉത്തരവ് സ്വാഗതം ചെയ്ത് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. പിന്‍വാതില്‍ നിയമനങ്ങള്‍ തകൃതിയായി നടത്താന്‍ വേണ്ടി മാത്രമാണ് സ്വന്തക്കാരേയും ഇഷ്ടക്കാരേയും വൈസ് ചാന്‍സിലര്‍മാരാക്കിയതെന്ന് പ്രതിപക്ഷം പലവട്ടം ചൂണ്ടിക്കാട്ടിയിരുന്നതാണെന്നും അപ്പോഴെല്ലാം സര്‍ക്കാരിന്റെ ചട്ടവിരുദ്ധ നിയമനങ്ങള്‍ക്ക് ഗവര്‍ണറും കൂട്ടുനിന്നിരുന്നെന്നും സതീശന് പറഞ്ഞു. അങ്ങനെ ചെയ്ത ഗവര്‍ണര്‍ ഇപ്പോള്‍ ചെയ്ത തെറ്റ് തിരുത്താന്‍ തയാറായതിനെ സ്വാഗതം ചെയ്യുന്നുവെന്നും പ്രതിപക്ഷ നേതാവ് അഭിപ്രായപ്പെട്ടു.
സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസരംഗം കുത്തഴിഞ്ഞ അവസ്ഥയിലാണ്. പൂര്‍ണ അനിശ്ചിതത്വമാണ് ഉന്നത വിദ്യാഭ്യാസ രംഗത്ത് നിലനില്‍ക്കുന്നത്. പിന്‍വാതില്‍ നിയമനങ്ങള്‍ തകൃതിയായി നടത്താന്‍ വേണ്ടി മാത്രമാണ് സ്വന്തക്കാരേയും ഇഷ്ടക്കാരേയും വൈസ് ചാന്‍സിലര്‍മാരാക്കിയത്.
യു ജി സി മാനദണ്ഡങ്ങളും നടപടിക്രമങ്ങളും കാറ്റില്‍പ്പറത്തി വൈസ് ചാന്‍സിലര്‍മാരെ നിയമിച്ച സര്‍ക്കാര്‍ നടപടിക്കുള്ള തിരിച്ചടിയാണ് ഗവര്‍ണറുടെ തീരുമാനം. സാങ്കേതിക സര്‍വകലാശാല വി സി നിയമനത്തിലെ സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് ഗവര്‍ണര്‍ ഈ തീരുമാനം എടുത്തതെന്നാണ് മനസിലാക്കുന്നത്. വൈകിയ വേളയിലാണെങ്കിലും ഗവര്‍ണര്‍ തെറ്റ് തിരുത്തിയതിനെ സ്വാഗതം ചെയ്യുന്നുവെന്നും വി.ഡി. സതീശന് പറഞ്ഞു.