വിഎസ് നൂറാം വയസിലേക്ക്; ആഘോഷങ്ങളില്ല, ആശംസകള്‍ നേര്‍ന്ന് കേരളം
തിരുവനന്തപുരം: ജനഹൃദയങ്ങളിലെ ആവേശമായ വി.എസ്. അച്യുതാനന്ദന് നൂറാം വയസിലേക്ക് കടന്നു. പൊതുവേദിയില്‍ നിന്ന് മാറി മൂന്നു വര്‍ഷമായി വിശ്രമജീവിതം നയിക്കുകയാണ് വിഎസ്. നേരിയ പക്ഷാഘാതമാണ് വിഎസിനെ തളര്‍ത്തിയത്. സ്വാതന്ത്ര്യസമരം തിളച്ചുമറിഞ്ഞ കാലത്തുതുടങ്ങിയ 82 വര്‍ഷത്തെ രാഷ്ട്രീയ ജീവിതത്തില്‍ ഉയര്ച്ചകള്ക്കൊപ്പം തളര്‍ച്ചകളും ഉണ്ടായിരുന്നു. ഇപ്പോഴും സിപിഎം സംസ്ഥാന സമിതിയില്‍ ക്ഷണിതാവ്. മൂന്നുതവണ പ്രതിപക്ഷനേതാവ്. മൂന്നുതവണ പാര്‍ട്ടി സെക്രട്ടറി. ഒരുവട്ടം കേരളത്തിന്റെ മുഖ്യമന്ത്രി. അതിനപ്പുറം കേരളത്തിന്റെ മണ്ണിന്റെയും മനസ്സിന്റെയും രാഷ്ട്രീയ ജാഗ്രതയുടെ കാവല്‍ക്കാരനാണ് വിഎസ്.
1923 ഒക്ടോബര്‍ 20 ന് ആലപ്പുഴ നോര്‍ത്ത് പുന്നപ്രയിലെ വേലിക്കകത്ത് വീട്ടില്‍ ശങ്കരന്റെയും അക്കമ്മയുടെയും മകനായി ജനനം. നാലാം വയസ്സില്‍ വിടപറഞ്ഞ അമ്മയും 11 ആം വയസ്സില്‍ തനിച്ചാക്കി മടങ്ങിയ അച്ഛനും… സഹോദരന്റെ തണലില്‍ തയ്യല്‍ കടയിലും പിന്നീട് കയര്ഫാക്ടരിയിലും തൊഴിലെടുത്തു. അവിടെ തുടങ്ങുന്നു വി എസ് എന്ന കമ്മ്യുണിസ്റ്റിന്റെ രാഷ്ട്രീയ ജീവിതം. ജീവന് വെടിഞ്ഞെന്ന് കരുതി സര് സിപി യുടെ പോലീസ് ഉപേക്ഷിച്ച കുറ്റികാട്ടില്‍ നിന്നും തലമുറകളിലേക്ക് വിപ്ലവവീര്യത്തിന്റെ വിത്തെറിയാനുള്ള നിയോഗവുമായി ഉയിര്‍ത്തെണീറ്റു വി എസ്. 1940 ല്‍ കമ്മ്യുണിസ്റ്റ് പാര്‍ട്ടി അംഗമായി. ജന്മികള്‍ക്കെതിരെയും ഭൂപ്രഭുക്കള്‍ക്കെതിരെയും സന്ധിയില്ലാത്ത പോരാട്ടം വി എസ്സിന് ജീവിതമായി. 1964 ല്‍ സി പി ഐ നാഷണല്‍ കൗണ്‍സിലില്‍ നിന്നിറങ്ങി സിപിഎം രൂപീകരണത്തിന് ഇറങ്ങിതിരിച്ച 32 പേരില്‍ ജീവിച്ചിരിക്കുന്ന ഒരേ ഒരു സഖാവ്. 5 വര്‍ഷം ജയിലിലും നാലര വര്‍ഷക്കാലം ഒളിവിലും കഴിഞ്ഞ സമരചരിത്രം. 9 തിരഞ്ഞെടുപ്പുകളില്‍ മത്സരിച്ച വി എസ് 6 ലും വിജയിച്ചു. 3 തവണ കേരളത്തിന്റെ പ്രതിപക്ഷ നേതാവ്, 2006ല്‍ കേരളത്തിന്റെ മുഖ്യമന്ത്രി.
തിരുവനന്തപുരത്ത് ബാര്‍ട്ടണ്‍ഹില്ലില്‍ മകന് വി.എ. അരുണ്‍കുമാറിന്റെ ‘വേലിക്കകത്ത്’ വീട്ടിലാണ് അദ്ദേഹമിപ്പോള്‍. 99-ാം പിറന്നാളിന് വലിയ ആഘോഷത്തിന് അവസരമില്ല. മക്കളും പേരക്കുട്ടികളും ഒത്തുചേരും. സന്ദര്‍ശകരില്ല. പക്ഷേ, പുറത്ത് ആഘോഷമുണ്ട്. വി.എസ്. ഇപ്പോഴും സജീവമായിരുന്നെങ്കിലെന്ന മോഹിക്കുന്ന ലക്ഷങ്ങളുടെ മനസ്സിലെ ആഘോഷം. അവരുടെ നിശ്ശബ്ദമായ ആശംസകള്‍. നിലയ്ക്കാതെ എത്തുന്ന ക്ഷേമാന്വേഷണങ്ങളില്‍ നിറയെ നാടിന് വിഎസിനോടുള്ള സ്നേഹ വായ്പും കരുതലും കാണാം. നീട്ടിയും കുറുക്കിയും കാര്യങ്ങള്‍ പറഞ്ഞ് നാടിനെ പോരാട്ടത്തിലേക്ക് നയിച്ച വിഎസിന് കേരളം പിറന്നാള്‍ ആശംസകള്‍ നേരുകയാണിന്ന്.