ഓൺലൈൻ ഗെയിമിൽ പണം പോയി; ജ്വല്ലറിയിൽനിന്ന് അരപ്പവന്റെ മാല മോഷ്ടിച്ച 30കാരി അറസ്റ്റിൽ
ഒറ്റപ്പാലം : വാണിയംകുളത്തു ജ്വല്ലറി ഷോപ്പിൽ നിന്നു സ്വർണമാല മോഷ്ടിച്ച കേസിൽ യുവതി അറസ്റ്റിലായി. പാലക്കാട് തരൂർ ചിറക്കോട് സുജിതയെ (30) ആണ് ഒറ്റപ്പാലം പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസം 15നു രാവിലെ പതിനൊന്നോടെയായിരുന്നു മോഷണം. സ്വർണം വാങ്ങാനെന്ന പേരിൽ എത്തിയ യുവതി സെയിൽസ്മാനെ കബളിപ്പിച്ച് അരപ്പവനിലേറെ തൂക്കം വരുന്ന മാലയുമായി മുങ്ങിയെന്നാണു കേസ്.
നിരീക്ഷണ ക്യാമറ ദൃശ്യങ്ങൾ ഉൾപ്പെടെ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുന്നതിനിടെയാണു യുവതി സമാനമായ മറ്റൊരു കേസിൽ തൃശൂർ വടക്കാഞ്ചേരിയിൽ പിടിയിലായത്. ചോദ്യം ചെയ്യലിനിടെയായിരുന്നു വാണിയംകുളത്തെ കേസിൽ കുറ്റസമ്മതം. പിന്നാലെ ഒറ്റപ്പാലം പൊലീസെത്തി അറസ്റ്റ് രേഖപ്പെടുത്തി. തെളിവെടുപ്പു പൂർത്തിയാക്കിയ യുവതിയെ കോടതി റിമാൻഡ് ചെയ്തു.
മൊബൈൽ ഫോണിൽ ഓൺലൈൻ ഗെയിം കളിച്ചതു വഴി നഷ്ടപ്പെട്ട പണം തിരിച്ചുപിടിക്കാനാണ് മോഷണം നടത്തിയതെന്നാണ് യുവതിയുടെ മൊഴി. കുടുംബം അറിയാതെ ഗെയിം കളിച്ച് 5000 രൂപ നഷ്ടപ്പെട്ടെന്നും ഇതു കണ്ടെത്താൻ വഴിയില്ലാതെയാണു മോഷണം നടത്തിയതെന്നും സുജിത കുറ്റസമ്മത മൊഴി നൽകിയതായി പൊലീസ് അറിയിച്ചു.
സ്വർണം പട്ടാമ്പിയിലെ ജ്വല്ലറിയിൽ നിന്നു പൊലീസ് വീണ്ടെടുത്തു. ആലത്തൂർ, തൃശൂർ ഈസ്റ്റ് സ്റ്റേഷനുകളിലും യുവതിയുടെ പേരിൽ സമാനമായ കേസുകളുണ്ടെന്നു പൊലീസ് അറിയിച്ചു. ഒറ്റപ്പാലം എഎസ്പി യോഗേഷ് മാന്ധ്യ, പൊലീസ് ഇൻസ്പെക്ടർ എം.സുജിത്ത്, എസ്ഐ കെ.ജെ.പ്രവീൺ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.