
2024ലെ സംസ്ഥാന ചലച്ചിത്ര അവാർഡ്; പ്രകാശ് രാജ് ജൂറി ചെയർമാൻ
തിരുവനന്തപുരം : 2024ലെ സംസ്ഥാന ചലച്ചിത്ര അവാർഡ് നിർണയിക്കാൻ നടനും സംവിധായകനുമായ പ്രകാശ് രാജിനെ ജൂറി ചെയർമാനായി നിയമിച്ചു. സംവിധായകരായ രഞ്ജൻ പ്രമോദ്, ജിബു ജേക്കബ് എന്നിവർ പ്രാഥമിക വിധിനിർണയ സമിതിയിലെ രണ്ട് സബ് കമ്മിറ്റികളുടെ ചെയർമാന്മാരായിരിക്കും. ഇരുവരും അന്തിമ വിധിനിർണയ സമിതിയിലെ അംഗങ്ങളുമായിരിക്കും. അന്തിമ വിധിനിർണയ സമിതിയിൽ ഡബ്ബിംഗ് ആർട്ടിസ്റ്റും സംസ്ഥാന പുരസ്കാര ജേതാവുമായ ഭാഗ്യലക്ഷ്മി, പിന്നണി ഗായികയും സംസ്ഥാന പുരസ്കാര ജേതാവുമായ ഗായത്രി അശോകൻ, സൗണ്ട് ഡിസൈനറും സംവിധായകനുമായ നിതിൻ ലൂക്കോസ്, തിരക്കഥാകൃത്തും എഴുത്തുകാരനുമായ സന്തോഷ് ഏച്ചിക്കാനം എന്നിവരും അംഗങ്ങളാണ്.
നടൻ, നിർമാതാവ് എന്നീ നിലകളിൽ അഞ്ച് ദേശീയപുരസ്കാരങ്ങൾ നേടിയ പ്രകാശ് രാജ് തമിഴ്, തെലുങ്ക്, കന്നട ഭാഷകളിൽ നാല് സിനിമകൾ സംവിധാനം ചെയ്തിട്ടുണ്ട്. കാഞ്ചീവരം എന്ന ചിത്രത്തിലൂടെ മികച്ച നടനുള്ള ദേശീയ അവാർഡ് 2007ൽ ലഭിച്ചു. മികച്ച ചിത്രത്തിന്റെ നിർമാതാവിനുള്ള ദേശീയ പുരസ്കാരം 2011ൽ പുട്ടക്കണ്ണ ഹൈവേ എന്ന കന്നട ചിത്രത്തിലൂടെ നേടി. ഏഴ് തമിഴ്നാട് സംസ്ഥാന അവാർഡുകൾ നേടിയ അദ്ദേഹം 2010ൽ സംവിധാനം ചെയ്ത കന്നട ചിത്രം നാനു നാന്ന കനസു വൻ പ്രദർശന വിജയം നേടിയിരുന്നു. തമിഴ്, തെലുങ്ക്, കന്നട, മലയാളം, ഹിന്ദി, ഇംഗ്ളീഷ് ഭാഷകളിൽ അഭിനയിച്ചുവരുന്ന പ്രകാശ് രാജ് 31 വർഷമായി ഇന്ത്യൻ സിനിമയിലെ സജീവസാന്നിധ്യമാണ്. 128 സിനിമകളാണ് അവാര്‍ഡിന് സമര്‍പ്പിക്കപ്പെട്ടിരിക്കുന്നത്. ഒക്ടോബര്‍ ആറിന് രാവിലെ ജൂറി സ്ക്രീനിംഗ് ആരംഭിക്കും.