
വളപട്ടണം പാലത്തിൽ ട്രെയിൻ നിന്നു; സാഹസികമായി തകരാർ പരിഹരിച്ച് ടിടിആർ
കണ്ണൂർ : യാത്രക്കാരൻ അപായച്ചങ്ങല വലിച്ചതിനാൽ വളപട്ടണം പുഴയുടെ പാലത്തിനുമുകളിൽ നിന്ന ട്രെയിനിന്റെ പ്രശ്നം സാഹസികമായി പരിഹരിച്ച് ടിക്കറ്റ് പരിശോധകൻ. തിരുവനന്തപുരം നോർത്ത്–മംഗളൂരു ഓണം സ്പെഷ്യൽ ട്രെയിനിലെ ടിടിആർ പാലക്കാട് സ്വദേശി എം പി രമേഷാണ് സാങ്കേതിക തകരാർ ശരിയാക്കിയത്. ശനി പുലർച്ചെ 3.45നാണ് സംഭവം. എസ്–വൺ കോച്ചിൽനിന്ന് കണ്ണൂരിൽ ഇറങ്ങാൻ വിട്ടുപോയ യാത്രക്കാരനാണ് ചങ്ങല വലിച്ചത്. ട്രെയിൻ അപ്പോഴേക്കും വളപട്ടണം എത്തിയിരുന്നു. നിന്നുപോയ ട്രെയിൻ വീണ്ടും ഓടാൻ പ്രഷർ വാൾവ് പൂർവസ്ഥിതിയിലാക്കണം. പാലത്തിനു മുകളിൽ ആയതിനാൽ വശങ്ങളിലൂടെ ഇറങ്ങി വാൾവ് സെറ്റ് ചെയ്യാനായില്ല. ഗാർഡിനും ലോക്കോ പൈലറ്റിനും എത്താനാകാത്ത സാഹചര്യമായിരുന്നു.
കോച്ചുകൾക്കിടയിലെ വെസ്റ്റിബൂൾ (ബ്രേക്ക് പൈപ്പ്) വഴി രമേഷ് താഴേക്ക് ഇറങ്ങി. കനത്ത ഇരുട്ടായിരുന്നു മറ്റൊരു വെല്ലുവിളി. മൊബൈൽ ഫോണിലെ പ്രകാശം മാത്രമായിരുന്നു ആശ്രയം. ലോക്കോ പൈലറ്റും ഗാർഡും നൽകിയ നിർദേശങ്ങളനുസരിച്ച് പ്രഷർ വാൾവ് പൂർവസ്ഥിതിയിലാക്കി. ട്രെയിൻ എട്ടുമിനിറ്റ് വൈകി. അങ്ങേയറ്റം ദുഷ്കരമായിരുന്ന പ്രവൃത്തി മനസാന്നിധ്യ ത്തോടെ പൂർത്തിയാക്കിയ രമേഷിനെ ഇന്ത്യൻ റയിൽവേ ടിക്കറ്റ് ചെക്കിങ് സ്റ്റാഫ് ഓർഗനൈസേഷൻ പാലക്കാട് ഡിവിഷൻ അഭിനന്ദിച്ചു. യോഗത്തിൽ പ്രസിഡന്റ് കെ ആർ ലക്ഷ്മി നാരായണൻ അധ്യക്ഷ നായി. പാലക്കാട് റെയിൽവേ ഡിവിഷനുകീഴിലെ മംഗളൂരു സ്ലീപ്പർ ഡിപ്പോയിലെ ട്രാവലിങ് ടിക്കറ്റ് ഇൻസ്പെക്ടറാണ് എം പി രമേഷ്. പാലക്കാട് കൽപ്പാത്തി അംബികാപുരം ഉത്തര നിവാസിലെ മണി,- ബേബി സരോജ ദമ്പതികളുടെ മകനാണ്.