ബലാത്സംഗക്കേസില്‍ നടൻ സിദ്ദിഖിന് നോട്ടീസ്; അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകണം
കൊച്ചി : ബലാത്സംഗക്കേസില്‍ നടൻ സിദ്ദിഖിന് നോട്ടീസ്. തിങ്കളാഴ്ച തിരുവനന്തപുരത്ത് അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകണമെ ന്നാണ് നോട്ടീസില്‍ അറിയിച്ചിരിക്കുന്നത്. കേസില്‍ അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകാമെന്ന് അറിയിച്ച് സിദ്ദിഖ് നേരത്തെ കത്ത് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യുന്നതിന് വിളിപ്പിച്ചിരിക്കുന്നത്. നോട്ടീസ് നല്കി വിളിപ്പിച്ച് സിദ്ദിഖിന്റെ മൊഴി രേഖപ്പെടുത്താനാണ് അന്വേഷണ സംഘം തീരുമാനിച്ചിരിക്കുന്നത്. മുൻപ് സുപ്രീം കോടതിയുടെ പരിഗണനയില്‍ മുൻകൂർ ജാമ്യാപേക്ഷ നിലനില്‍ക്കുന്നതിനാല്‍ നോട്ടീസ് നല്കുന്നതില് പൊലീസ് തീരുമാനമെടുത്തിരുന്നില്ല. ഈ സാഹചര്യത്തിലാണ് ഹാജരാകാൻ തയാറാണെന്ന് സിദ്ദിഖ് തന്നെ അറിയിച്ചത്. ഇത് നടന്റെ തന്ത്രപരമായ നീക്കമായാണ് അന്വേഷണ സംഘം വിലയിരുത്തുന്നത്. യുവനടിയുടെ പരാതിയിലാണ് സിദ്ദിഖിനെതിരെ ബലാത്സംഗത്തിന് കേസെടുത്തിരിക്കുന്നത്.
സിനിമാ ചർച്ചയ്ക്കായി മാസ്കോട്ട് ഹോട്ടലിലേക്ക് വിളിച്ചുവരുത്തി പൂട്ടിയിട്ട് പീഡിപ്പിച്ചെന്നാണ് യുവനടിയുടെ പരാതി. പരാതിക്കാരിയുടെ വിശദമൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. പ്ലസ്ടുക്കാലത്ത് സമൂഹമാദ്ധ്യമം വഴി പരിചയപ്പെട്ട സിദ്ദിഖ്, നിളാ തിയേറ്ററിലെ ഒരു ചിത്രത്തിന്റെ പ്രിവ്യൂ ഷോ കഴിഞ്ഞ് സിനിമാ ചർച്ചയ്ക്കായി മാസ്കോട്ട് ഹോട്ടലിലേക്ക് ക്ഷണിച്ചെന്നാണ് മൊഴി നല്‍കിയിരിക്കുന്നത്. ഈ സമയം മാതാപിതാക്കള്‍ ഒപ്പമുണ്ടായിരുന്നു. പിന്നീട് ഹോട്ടലിലെത്തിയ തന്നെ മുറിയില്‍ പൂട്ടിയിട്ട് പീഡിപ്പിച്ചു. അവിടെ നിന്ന് ഒരുവിധത്തില്‍ രക്ഷപ്പെടുകയായിരുന്നു വെന്നും പരാതിക്കാരി ആരോപിച്ചിരുന്നു. പരാതിക്കാരിയെ തിരുവനന്തപുരത്ത് വച്ച് കണ്ടിരുന്നതായി സിദ്ദിഖ് തന്നെ സമ്മതിച്ചിട്ടുണ്ട്. കേസില്‍ സുപ്രീംകോടതി രണ്ടാഴ്ച്ചത്തേക്ക് നടന്റെ അറസ്റ്റ് തടഞ്ഞിരുന്നു. ഹൈക്കോടതി മുൻകൂർ ജാമ്യം തള്ളിയതോടെ ഒളിവിലായിരുന്ന സിദ്ദിഖ് സുപ്രീംകോടതി ഉത്തരവോടെയാണ് പുറത്തിറങ്ങിയത്.