കളര്‍കോട് വാഹനാപകടത്തില്‍ മരണപ്പെട്ട എംബിബിഎസ് വിദ്യാര്‍ത്ഥികളുടെ മൃതദേഹങ്ങള്‍ പൊതുദര്‍ശനത്തിന് വെച്ചു
ആലപ്പുഴ : കളര്‍കോട് വാഹനാപകടത്തില്‍ മരണപ്പെട്ട എംബിബിഎസ് വിദ്യാര്‍ത്ഥികളുടെ മൃതദേഹങ്ങള്‍ പൊതുദര്‍ശനത്തിന് വെച്ചു. മരണത്തിലും ഒരുമിച്ചായിരുന്ന കൂട്ടുകാർക്ക് നെഞ്ച് പൊട്ടിയാണ് വണ്ടാനം മെഡിക്കല്‍ കോളേജിലെ സഹപാഠികൾ വിട നൽകിയത്. വിദ്യാര്‍ത്ഥികളായ ഇബ്രാഹിം, ദേവാനന്ദ്, ആയുഷ് രാജ്, ശ്രീദീപ്, മുഹമ്മദ് ജബ്ബാര്‍ എന്നിവരുടെ മൃതദേഹങ്ങൾ പൊതുദർശനത്തിന് ശേഷം വീട്ടുകാർക്ക് കൈമാറും. ഏറെ പ്രതീക്ഷയോടെ ഒരുമാസം മുന്‍പ് വണ്ടാനം മെഡിക്കല്‍ കോളേജിലെത്തിയവരാണ് ഇന്ന് ചേതനയറ്റ് കോളേജിലെത്തിയത്. പ്രിയപ്പെട്ടവർക്ക് വണ്ടാനം മെഡിക്കൽ കോളേജ് വിടനൽകുന്ന കാഴ്ച ഹൃദയഭേദകമായി രുന്നു. അപകടത്തിൽ മരിച്ച വിദ്യാർത്ഥികളുടെ മാതാപിതാക്കളും, പ്രിയപ്പെട്ട സഹപാഠികളുടെ വിയോഗത്തില്‍ പൊട്ടിക്കരയുന്ന വിദ്യാര്‍ത്ഥികളുമാണ് മെഡിക്കല്‍ കോളേജില്‍ തടിച്ചുകൂടിയത്. മന്ത്രി വീണ ജോര്‍ജ്, സജി ചെറിയാന് തുടങ്ങി നിരവധി ജനപ്രതിനിധകളാണ് വിദ്യാര്‍ത്ഥികള്‍ക്ക് അന്ത്യാഞ്ജലിയര്പ്പി ക്കാനെത്തിയത്.
കഴിഞ്ഞ ദിവസം ആലപ്പുഴ കളര്‍കോടിലുണ്ടായ വാഹനാപകടത്തിലാണ് ഒന്നാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ത്ഥികളായ അഞ്ച് പേര് മരണപ്പെടുന്നത്. വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ചിരുന്ന ടവേര കാര്‍ കെഎസ്ആര്‍ടിസി ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ചിരുന്ന കാർ പൂര്‍ണമായും തകര്‍ന്നു. അരമണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് ഇവരെ കാറില്‍ നിന്നും പുറത്തെടുക്കാനായത്. പതിനൊന്ന് പേരാണ് കാറിലുണ്ടായിരുന്നത്. രണ്ട് പേര് ബൈക്കിലും ഇവര്‍ക്കൊപ്പം എത്തിയിരുന്നു. സിനിമയ്ക്ക് പോകാന്‍ വേണ്ടിയായിരുന്നു ഇവര്‍ കാര്‍ വാടകയ്ക്കെടുത്ത് ഹോസ്റ്റലില്‍ നിന്നും ഇറങ്ങിയത്. ഇതിനിടെയായിരുന്നു അപകടം. കനത്ത മഴയെ തുടര്‍ന്ന് കാഴ്ച മങ്ങിയതോ ബ്രേക്ക് കിട്ടാതിരുന്നതോ ആകാം അപകടത്തില്‍ കലാശിച്ചതെന്നാണ് എംവിഡി ഉദ്യോഗസ്ഥരുടെ നിഗമനം.